പത്തനംതിട്ട: പി. സി. ജോർജിന്റെ കേരള ജനപക്ഷം സെക്കുലർ പാർട്ടി എന.ഡി.എയിൽ ചേർന്നു. ഒരാഴ്ച മുൻപ് പറഞ്ഞ് വാക്കിൽ നിന്ന് മലക്കം മറിഞ്ഞാണ് പി.സി.ജോർജ് എൻ.ഡി.എയിൽ ഘടകകക്ഷിയായത്. പത്തനംതിട്ടയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പി.സി. ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലർ പാർട്ടി എൻ.ഡി.എയുടെ ഘടകകക്ഷിയായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പത്തനംതിട്ടയും തിരുവനന്തപുരവും തൃശൂരും എൻ.ഡി.എ വിജയിക്കുമെന്ന് പി.സി. ജോർജ് അവകാശപ്പെട്ടു.
ജനപക്ഷത്തോടൊപ്പം മറ്റു അഞ്ചുപാർട്ടികൾ കൂടി എൻ.ഡി.എയിൽ ചേർന്നു. കാമരാജ് കോൺഗ്രസ്, ശിവസേന, എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു, ഡി.എൽ.പി എന്നീ കക്ഷികളാണ് ഔദ്യോഗികമായി കേരളത്തിൽ എൻ.ഡി.എ മുന്നണിയുടെ ഭാഗമായത് ശിവസേനയും എ.ഐ.എ.ഡി.എം.കെയും മറ്റുസംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ സഖ്യകക്ഷികളാണ്.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും കോട്ടയത്തും എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും പി.സി. ജോർജ് പ്രവചിച്ചു. പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ 75,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും വൻഭൂരിപക്ഷത്തിൽ ജയിക്കും.തങ്ങളുടെ പ്രവർത്തകര്‍ അതിനായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞെന്നും പി.സി. ജോർജ് പറഞ്ഞു.
തിരുവനന്തപുരത്ത് ഇടതുമുന്നണിക്ക് കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്നും തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം 100 ശതമാനം ഉറപ്പാണെന്നും പി.സി. ജോർജ് പറഞ്ഞു.
എൻ.ഡി.എ സ്ഥാനാർത്ഥിയായ പി.സി. തോമസ് തന്നെ കോട്ടയത്ത് വിജയിക്കുമെന്നും പി.സി. ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കേരളം എൻ.ഡി.എ ഭരിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.
എൻ.ഡി.എയിൽ ചേരുന്നതിൽ പ്രതിഷേധിച്ച് പ്രതിഷേധിച്ച് രാജിവെച്ച ജനപക്ഷം പ്രവർത്തകരും നേതാക്കളും പാർട്ടിയിലേക്ക് തന്നെ തിരിച്ച് വരികയാണെന്നും പി.സി. ജോർജ് അവകാശപ്പെട്ടു
കോൺഗ്രസിനെതിരെയും പി.സി. ജോജജ് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. യു.ഡി.എഫിന്റെ ഭാഗമാകാൻ വേണ്ടി ചർച്ച നടത്തിയത് പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരമാണ്. പ്രധാനമന്ത്രിയാകാനുളള പ്രായം രാഹുലിന് ആയിട്ടില്ല. 48 വയസ്സായെങ്കിലും 7 വയസ്സിന്റെ പക്വത മാത്രമേ ഉളളൂയെന്നും പി.സി. ജോർജ് പരിഹസിച്ചു.