alpesh-thakor

അഹമ്മദാബാദ്: ഗുജറാത്തിലെ പിന്നാക്ക വിഭാഗ നേതാവും കോൺഗ്രസ് എം.എൽ.എയുമായ അൽപേഷ് താക്കൂർ കോൺഗ്രസ് വിട്ടു. താക്കൂർ സമുദായത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി ധവാൽസിംഗ് സല പറഞ്ഞു. അൽപേഷ് താക്കൂർ, ധവാൽസിംഗ് സല, ഭാരത്‌ജി താക്കൂർ എന്നീ മൂന്ന് എം.എൽ.എമാരോടും പാർട്ടിവിടാൻ താക്കൂർ സേന കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടതായും സല പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ, ഗുജറാത്തിൽ നിന്നുള്ള പിന്നാക്കവിഭാഗ നേതാക്കളുടെ ഈ നീക്കം കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. പാർട്ടി വിട്ട അൽപേഷും അനുയായികളും ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെയും ഇവർ പാർട്ടി വിടുമെന്നും ബി.ജെ.പിയിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അൽപേഷ് അത് നിഷേധിച്ചിരുന്നു.