congress-

ന്യൂഡൽഹി: കോൺഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യlത്തിനില്ലെന്ന് ആംആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് സിംഗ്. സഖ്യത്തിനായുള്ള എല്ലാ വാതിലുകളും അടഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇത് ബി.ജെ.പിക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

.

സീറ്റ് പങ്കിടൽ ഫോർമുലകളിൽ ഇരുകക്ഷികളും ഒത്തുതീർപ്പിലെത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. “പഞ്ചാബിൽ നാല് എം.പിമാരും 20 എം.എൽ.എമാരുമുള്ള പാർട്ടിയാണ് ഞങ്ങളുടേത്. അവിടെ ഒരു സീറ്റു പോലും തരാൻ കോൺഗ്രസ് തയ്യാറല്ല” -സഞ്ജയ് സിംഗ് പറഞ്ഞു.

ചണ്ഡിഗഢിൽ മാത്രം ഒന്നര ലക്ഷം വോട്ടുകൾ തങ്ങൾക്കുണ്ടെന്നും ഒരുസീറ്റുപോലും തരാൻ കോൺഗ്രസ് തയ്യാറല്ലെന്നും സഞ്ജയ് സിംഗ് ആരോപിച്ചു. ആറ് ശതമാനം വോട്ട് വിഹിതമുള്ള സംസ്ഥാനമാണ് ഗോവ. അവിടെയും സീറ്റ് നൽകാൻ കോൺഗ്രസ് തയ്യാറല്ല. കോൺഗ്രസിന് ശക്തിയില്ലാത്ത ഡൽഹിയിൽ അവർക്ക് മൂന്ന് സീറ്റ് വേണമെന്നാണ് ആവശ്യമെന്നും സഞ്ജയ് സിംഗ് വിശദീകരിച്ചു.

തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് സഞ്ജയ് സിംഗ് ആരോപിച്ചു. പ്രായോഗികമല്ലാത്തതും തെറ്റായതുമായ നിർദ്ദേശങ്ങളാണ് കോൺഗ്രസ് മുമ്പോട്ടു വെച്ചതെന്നതിനാലാണ് തങ്ങൾ അവ തള്ളിയതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ്,​ ബീഹാർ, പശ്ചിമബംഗാൾ, കേരളം എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് ഇതുമൂലം നേട്ടമുണ്ടാകുമെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.