suresh-gopi-

തൃശൂർ : 'മോദി 15 ലക്ഷം അണ്ണാക്കിലേക്കു തള്ളിത്തരുമെന്നു കരുതിയോ ' എന്ന വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. 'പൊള്ളത്തരം വിളിച്ചുപറഞ്ഞ ഒരു വർഗത്തോടുള്ള മറുപടിയായിരുന്നു അത്. അവർ ഒരുപാടുപേരെ വഴിതെറ്റിക്കുന്നു. അതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ അവർ പറഞ്ഞ ഭാഷയിൽതന്നെ മറുപടി നൽകണം. അത്രയും ഹൃദയവിശാലതയേ എനിക്കുള്ളൂ'- സുരേഷ് ഗോപി വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ അക്കൗണ്ടുകളിലേക്കും 15 ലക്ഷം രൂപ വീതം ഇടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനെക്കുറിച്ചു സംസാരിക്കവെയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്. പത്തനംതിട്ട സ്ഥാനാർത്ഥി കെ സുരേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

'15 ലക്ഷം ഇപ്പോ വരും. പുച്ഛമാണു തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലിഷ് നീ അറിയേണ്ട. ഇംഗ്ലിഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്നു നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കിൽ അറിയുന്നവരോടു ചോദിച്ചു മനസിലാക്കണം. എന്താണു പ്രധാനമന്ത്രി പറഞ്ഞത്? ഇന്ത്യയ്ക്കു പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങൾ. സ്വിസ് ബാങ്ക് അടക്കമുള്ളവ. അതിന് അവർക്കു നിയമാവലിയുണ്ട്. ഇന്ത്യൻ നിയമവുമായി അങ്ങോട്ടു ചെന്നു ചോദ്യം ചെയ്യാൻ കഴിയില്ല. അവിടെ 1050 വർഷമായി എന്നു പറയുമ്പോൾ ഏതൊക്കെ മഹാൻമാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വച്ച മഹാനടക്കം വരും ആ പട്ടികയിൽ. കൊണ്ടു ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാൽ ഇന്ത്യൻ പൗരന്മാർക്ക് ഓരോരുത്തർക്കും 15 ലക്ഷം വച്ച്‌ പങ്കുവയ്ക്കാനുള്ള പണമുണ്ടത് എന്നു പറഞ്ഞതിന് മോദി ഇപ്പോത്തന്നെ ഈ കറവപ്പശുവിന്റെ മുതുകിൽ തണുത്ത വെള്ളം ഒഴിച്ചു കറന്ന് ഒഴുക്കി അങ്ങ് അണ്ണാക്കിലേക്കു തള്ളി തരുമെന്നാണോ അതിന്റ അർത്ഥം ഊളയെ ഊളയെന്നെ വിളിക്കാനേ കഴിയൂ' - ഇതായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം.