രജനികാന്ത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മുരുഗദോസ് ചിത്രത്തിന് ദർബാർ എന്ന് പേരിട്ടു. പൊലീസ് വേഷം ഉൾപ്പെടെ നിരവധി ഗെറ്റപ്പുകളിൽ രജനികാന്ത് ദർബാറിലെത്തുന്നുണ്ട്.
രജനികാന്തും സംവിധായകൻ എ .ആർ. മുരുഗദോസും ഒന്നിക്കുന്ന ആദ്യചിത്രമാണിത് . നയൻതാരയാണ് രജനിയുടെ നായിക. രജനിയും നയൻതാരയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ചന്ദ്രമുഖി, ശിവാജി, കുസേലൻ എന്നീ ചിത്രങ്ങളിലാണ് ഇവർ ഇതിനു മുൻപ് ഒന്നിച്ചത്. കഴിഞ്ഞ ദിവസം സംവിധായകൻ എ.ആർ. മുരുഗദോസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വേറിട്ട ശൈലിയിലുള്ള പോസ്റ്റർ ഒരു മാസ് എന്റർടെയ്നറിന്റെ സൂചനയാണ് നൽകുന്നത് . രജനിയുടെ 167 -മത്തെ ചിത്രമാണിത് . ദളപതിക്ക് ശേഷം സന്തോഷ് ശിവൻ ഒരു രജനി ചിത്രത്തിന് കാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ദർബാറിനുണ്ട് . ലൈക്ക പ്രൊഡക് ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ എസ് . ജെ സൂര്യയാണ് വില്ലൻ വേഷത്തിലെത്തുന്നത്.