modi

മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി റിപ്പോർട്ട്. ബാലാകോട്ടിൽ ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ മോദി വോട്ട് അഭ്യർഥന നടത്തിയത് പ്രഥമദൃഷ്‌ട്യാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ഉസ്‌മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മഹാരാഷ്‌‌ട്രയിലെ ലാത്തൂരിൽ പ്രസംഗിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സംഭവത്തിൽ എന്തു നടപടിയെടുക്കണമെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ യോജിക്കുകയാണെങ്കിൽ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും. ഇക്കാര്യത്തിൽ ഉടൻ തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

സി.പി.ഐ എം പോളിറ്റ് ബ്യൂറോ മെമ്പർ നീലോത്പൽ ബസു ആണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി നൽകിയത്.സൈനികരുടെ പേരിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. സൈനികരുടെ ചിത്രങ്ങളോ ഇത് സംബന്ധിച്ച പരസ്യങ്ങളോ തിരഞ്ഞെടുപ്പിൽ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ പ്രധാനമന്ത്രി തന്നെ ഈ ചട്ടം ലംഘിച്ചതായി പരാതിയിൽ പറയുന്നു.

കന്നിവോട്ടർമാരോട് ബാലാകോട്ട് ആക്രമണം നടത്തിയവർക്കും പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും കന്നിവോട്ട് സമർപ്പിക്കണമെന്നാണ് ചൊവ്വാഴ്‌ച ലാത്തൂരിലെ മോദി പ്രസംഗിച്ചത്.