ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ഇന്ന് ആന്ധ്രാ പ്രദേശ് അടക്കം 18സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 സീറ്റുകളിൽ വോട്ടെടുപ്പ് തുടങ്ങി. ആന്ധ്രപ്രദേശ്, സിക്കിം, അരുണാചൽപ്രദേശ്, ഒഡീഷ(നാല് ലോക്‌സഭാ മണ്ഡലങ്ങൾക്കു കീഴിൽ) എന്നിവിടങ്ങളിലെ നിയമസഭാ വോട്ടെടുപ്പും ഇന്നാണ്. നാല് കേന്ദ്രമന്ത്രിമാർ അടക്കം 1500 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചോടെ അവസാനിക്കും.
ഇന്ന് വോട്ടെടുപ്പ്:
ആന്ധ്രാ പ്രദേശ്(25), ഉത്തർപ്രദേശ് (എട്ട്), മഹാരാഷ്ട്ര( ഏഴ്), ആസം(അഞ്ച്), ഉത്തരാഖണ്ഡ് (അഞ്ച്), ബിഹാർ (നാല്), ഒഡീഷ(നാല്), അരുണാചൽ പ്രദേശ്( രണ്ട്), പശ്‌ചിമ ബംഗാൾ ( രണ്ട്), മേഘാലയ(രണ്ട്),ജമ്മു കശ്മീർ (രണ്ട്), ത്രിപുര (ഒന്ന്), ചത്തീസ്ഗഡ്(ഒന്ന്), മണിപ്പൂർ(ഒന്ന്), മിസോറാം (ഒന്ന്), നാഗാലാൻഡ്(ഒന്ന്), സിക്കിം(ഒന്ന്), കേന്ദ്ര ഭരണ പ്രദേശങ്ങളായ ആൻഡമാൻ(7), ലക്ഷദ്വീപ്(1)
Jammu & Kashmir: Visuals from polling booth number 97 in Bandipora, where voting is underway for #LokSabhaElections2019 pic.twitter.com/00cvqN9PfN
— ANI (@ANI) April 11, 2019
ഇന്ന് ജനവിധി തേടുന്ന പ്രമുഖർ
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി(നാഗ്‌പൂർ), ഹൻസ് രാജ് ആഹിർ(ചന്ദ്രാപൂർ), വി.കെ സിംഗ്(ഗാസിയാബാദ്), മഹേഷ് ശർമ(ഗൗതംബുദ്ധ നഗർ), സഞ്ജീവ് ബല്യാൻ(മുസാഫർനഗർ), കിരൺ റിജിജു(അരുണാചൽ വെസ്‌റ്റ്), ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്(നൈനിറ്റാൾ), ടി.ആർ.എസിന്റെ കെ. കവിത(നിസാമബാദ്).
പ്രധാന പോരാട്ടങ്ങൾ ഇവിടെ
ഉത്തർപ്രദേശിൽ സഞ്ജീവ് ബല്യാനും ആർ.എൽ.ഡി നേതാവ് അജിത് സിംഗും മത്സരിക്കുന്ന മുസാഫർനഗർ, ഉപതിരഞ്ഞെടുപ്പിൽ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിയെ വീഴ്‌ത്തിയ കയ്‌രാന. മാവോയിസ്‌റ്റ് ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഛത്തീസ്ഗഡിലെ നക്‌സൽ ബാധിത മണ്ഡലമായ ബസ‌്തറിൽ കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെടുപ്പ്.
#WATCH People in Itanagar, Arunachal Pradesh queue up to cast their votes for #LokSabhaElections2019 pic.twitter.com/JNpWE8XPmO
— ANI (@ANI) April 11, 2019
നിയമസഭാ പോരാട്ടം:
ആന്ധ്രാ പ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും കോൺഗ്രസും ചേർന്ന സഖ്യവും ബി.ജെ.പി, വൈ.എസ്.ആർ. കോൺഗ്രസ് കക്ഷികളുമാണ് 175 സീറ്റുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം.മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കുപ്പത്തും കന്നിമത്സരത്തിൽ മകൻ നാരാ ലോകേഷ് മംഗലഗിരിയിലും സ്ഥാനാർത്ഥികളാണ്. വൈ.എസ്.ആർ കോൺഗ്രസ് നേതാവ് വൈ.എസ്. ജഗ്‌മോഹൻ റെഡ്ഡി പുലിവെണ്ടുലയിൽ മത്സരിക്കുന്നു.
ബി.ജെ.പിയിൽ ചേർന്ന മുഖ്യമന്ത്രി പ്രേമ ഖണ്ഡുവിന്റെ സർക്കാരിനെ താഴെയിറക്കാൻ നബാം തുക്കി നയിക്കുന്ന കോൺഗ്രസിന്റെ പോരാട്ടമാണ് 60 അംഗ അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. സിക്കിമിൽ 32 അംഗ നിയമസഭയിലേക്ക് മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ എസ്.ഡി.എഫ്, എസ്.കെ.എം, കോൺഗ്രസ് പാർട്ടികളാണ് മത്സര രംഗത്തുള്ളത്. ഒഡീഷയിൽ നാല് ലോക്‌സഭാ മണ്ഡലങ്ങൾക്കു കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.