അനന്ത്പൂർ: വോട്ടിംഗ് യന്ത്രം തകരാറായതിൽ പ്രതിഷേധിച്ച് ആന്ധ്രയിലെ ജനസേന പാർട്ടിയുടെ സ്ഥാനാർത്ഥി ധുസൂദൻ ഗുപ്ത ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു. പോളിംഗ് ബൂത്തിനുള്ളിൽ കയറി മാദ്ധ്യമങ്ങളെ അകത്തുവിളിച്ച് ഈ യന്ത്രം തകരാറിലാണെന്നു ചൂണ്ടിക്കാട്ടി വോട്ടിംഗ് യന്ത്രം തകർക്കുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ആന്ധ്രയിൽ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതായി വാർത്തകൾ പുറത്തുവരുന്നുണ്ട്..
പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കെ ഇന്ത്യൻ മണ്ഡലങ്ങളും ഉത്തർപ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. അസമിലും ഒഡീഷയിലും നാലു സീറ്റുകൾ വീതവും ഇന്ന് വിധിയെഴുതും. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്ന് നടക്കുന്നുണ്ട്.