election-2019

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശിൽ വിവിധയിടങ്ങളിൽ വ്യാപകമായ സംഘർഷങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതായും വോട്ടിംഗ് നിറുത്തിവച്ചതായും റിപ്പോർട്ടുണ്ട്. ചീഫ് ഇലക്‌ടറൽ ഓഫീസർ ഗോപാൽ കൃഷ്‌ണ ദ്വിവേദി പോളിംഗ് ബൂത്തിലെത്തിയപ്പോൾ തിരഞ്ഞെടുപ്പ് യന്ത്രം പണിമുടക്കിയതിനെ തുടർന്ന് വോട്ട് രേഖപ്പെടുത്താനായില്ല. തുടർന്ന് മറ്റൊരു വോട്ടിംഗ് യന്ത്രം എത്തിച്ചാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. 3269 പോളിംഗ് ബൂത്തുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് തുടങ്ങിയത്. ഇതിൽ നൂറോളം യന്ത്രങ്ങൾ തകരാറിലായെന്നും പകരം പുതിയവ എത്തിച്ച് വോട്ടിംഗ് തുടർന്നതായും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, വോട്ടെടുപ്പ് നടക്കുന്നതിനിടെ ടി.ഡി.പി പ്രവർത്തകർ ഒരു ബൂത്ത് അടിച്ചുതകർത്തതായും വിവരമുണ്ട്. പലയിടങ്ങളിലും വൈ.എസ്.ആർ കോൺഗ്രസ്, ടി.ഡി.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ ഒരു വൈ.എസ്.ആർ കോൺഗ്രസ് നേതാവിന് കുത്തേറ്റു. നസാറപേട്ടിലെ ടി.ഡി.പി സ്ഥാനാർത്ഥിയെ വൈ.എസ്.ആർ കോൺഗ്രസുകാർ ആക്രമിച്ചു. പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. വോട്ടർമാർക്ക് പണം വാഗ്‌ദ്ധാനം ചെയ്‌തുവെന്ന ആരോപണത്തെ തുടർന്ന് കടപ്പ ജില്ലയിൽ രണ്ട് പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് നടപടികൾ നിറുത്തിവച്ചു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് മറ്റിടങ്ങളിൽ പൊതുവെ സമാധാനപരമാണെന്നാണ് റിപ്പോർട്ട്. 18 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം 91 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. എല്ലാ മണ്ഡലങ്ങളിലും രാവിലെ ഏഴ് മുതൽ തന്നെ വോട്ടെടുപ്പ് തുടങ്ങി. പ്രശ്നബാധിത ബൂത്തുകളിൽ വൻ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, ഉത്തരാഖണ്ഡ്, ബിഹാർ, ഒഡിഷ, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, ജമ്മുകശ്മീർ, മേഘാലയ, ഛത്തീസ്ഗഡ്, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ആൻഡമാൻ നിക്കോബർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അശോക് ഗജപതി രാജു (വിജയനഗരം), നിതിൻ ഗഡ്കരി, (നാഗ്പുർ), രേണുകാ ചൗധരി (ഖമ്മം), ഡി. പുരന്ദേശ്വരി (വിശാഖപട്ടണം), വി.കെ. സിംഗ് (ഗാസിയാബാദ്), മഹേഷ് ശർമ (ഗൗതം ബുദ്ധ് നഗർ), സത്യപാൽ സിംഗ് (ബാഗ്പത്), അജിത് സിംഗ് (മുസഫറാബാദ്), ജയന്ത് ചൗധരി (ബാഗ്പത്ത്), കിരൺ റിജ്ജു (അരുണാചൽ വെസ്റ്റ്) തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് 23നാണ്.