തിരുവനന്തപുരം: എൻ.എസ്.എസുമായി സി.പി.എമ്മിന് ഒരു പ്രശ്‌നവുമില്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് ശത്രുത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രമുഖ ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. "എൻ.എസ്.എസുമായി ഒരു പ്രശ്നവും ഇല്ല. തിരഞ്ഞെടുപ്പ് കാലത്ത് എൻ.എസ്.എസ് അത്തരമൊരു നിലപാട് എടുക്കുമെന്നു പ്രതീക്ഷിക്കുന്നുമില്ല. എൻ.എസ്.എസ്സിന്റെ അണികൾക്കു സ്വതന്ത്രമായ തീരുമാനമെടുക്കാൻ അവകാശം അവരുടെ നേതൃത്വം കൊടുത്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നതെ"ന്നും അദ്ദേഹം പറഞ്ഞു.
"എൻ.എസ്.എസ് ഇപ്പോൾ എടുത്തിരിക്കുന്ന പരസ്യമായ നിലപാട് സ്വാഗതാർഹമാണ്. സമദൂര സമീപനമാണു ഞങ്ങൾ സ്വീകരിക്കുന്നതെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തിൽ എൻ.എസ്.എസിനു നേരത്തെ തന്നെ ഒരു നിലപാട് ഉണ്ടായിരുന്നു. ആ നിലപാടിൽ ഉറച്ചു നിൽക്കുന്ന സ്ഥിതി മാത്രമേ എൻ.എസ്.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ. കോൺഗ്രസോ ബി.ജെ.പിയോ സുപ്രീംകോടതിയിൽ കേസ് നടത്തിവന്ന 12 വർഷത്തിൽ ഒരിക്കൽ പോലും ഇപ്പോൾ അവർ ഉന്നയിക്കുന്ന പ്രശ്‌നം ഉയർത്തിക്കൊണ്ടുവന്നില്ല.
എന്നാൽ, ആ സമയത്തെല്ലാം എൻ.എസ്.എസ് കേസ് നടത്തുകയും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തു. അവരുടെ നിലപാട് തുറന്ന് പറഞ്ഞു കൊണ്ട് സ്വീകരിച്ച സമീപനത്തിൽ ഒരു വ്യത്യാസം ഉണ്ടായിട്ടില്ല. ആദ്യമായാലും ഇപ്പോഴായാലും അവരാ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നു. സി.പി.എമ്മിന് അതുകൊണ്ട് അവരോടു ശത്രുതയില്ല. ഒരു നിലപാട് പറഞ്ഞാൽ ഉറച്ചു നിൽക്കുന്നത് തെറ്റല്ല. അവരാ നിലപാടിൽ നിൽക്കട്ടെ. ഇപ്പോൾ സുപ്രീം കോടതിയിൽ അവർ റിവ്യൂ ഹർജി കൊടുത്തിട്ടുണ്ട്. റിവ്യൂ ഹർജി എന്താണ് തീരുമാനിക്കുന്നത് അതുപോലെ കാര്യങ്ങൾ ചെയ്യാമെന്നാണ് സർക്കാർ തീരുമിനിച്ചിരിക്കുന്നത്. സി.പി.എമ്മിന് എൻ.എസ്.എസിനോട് ഒരു ശത്രുതയും ഇല്ലെ"ന്നും കോടിയേരി വ്യക്തമാക്കി.