കൊച്ചി: ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബുവിന് ഹെെക്കോടതി ജാമ്യം അനുവദിച്ചു. രണ്ട് ആൾ ജാമ്യത്തിലാണ് പ്രകാശ് ബാബുവിനെ വിട്ടയച്ചത്. മൂന്ന് മാസത്തേക്ക് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മാർച്ച് 28 നാണ് പ്രകാശ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്.
കേസിലെ 16-ാം പ്രതിയാണ് പ്രകാശ് ബാബു. വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ പ്രകാശ് ബാബുവിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരുന്നത്. ഒരു കേസിൽ ജാമ്യം കിട്ടുമ്പോൾ മറ്റൊരു കേസിൽ വാറന്റുമായി എത്തി പൊലീസ് വേട്ടയാടുകയാണെന്നും കോഴിക്കോട് മണ്ഡലത്തിലെ വോട്ടർമാരെ കാണാനുള്ള ജനാധിപത്യ അവകാശം നിഷേധിക്കുകയാണെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു.