ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാരിന്റെ പ്രവർത്തനങ്ങളിൽ അസംതൃപ്‌തരായ എട്ട് എം.എൽ.എമാർ രാജിവയ്‌ക്കുമെന്നും കർണാടകയിലെ സഖ്യസർക്കാർ താഴെവീഴുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്.യെദിയൂരപ്പ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കർണാടകത്തിൽ നിന്നും 22 സീറ്റെങ്കിലും ലഭിക്കും. അത് സഖ്യസർക്കാരിനെ താഴെയിറക്കാൻ തന്നെ സഹായിക്കുമെന്നും യെദിയൂരപ്പ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
കോൺഗ്രസിന് ദക്ഷിണേന്ത്യയിൽ വിജയിക്കണമെന്നുണ്ടെങ്കിൽ കർണാടകത്തിൽ മൽസരിക്കാൻ രാഹുൽ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർഥിത്വം ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് കരുത്താകുമെന്ന വാദം തള്ളിയ യെദിയൂരപ്പ ഇത്തവണ ബി.ജെ.പിക്ക് ദക്ഷിണേന്ത്യയിൽ വമ്പിച്ച നേട്ടമുണ്ടാക്കാനാകുമെന്നും പറഞ്ഞു.