ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങാനിരിക്കുന്ന അത്യാധുനിക റാഫേൽ വിമാനങ്ങൾ പറത്താൻ തങ്ങളുടെ വ്യോമസേനാ ഉദ്യോഗസ്ഥർക്കും പരിശീലനം ലഭിച്ചുവെന്ന് പാക് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. അടുത്തിടെ റാഫേൽ വിമാനങ്ങൾ സ്വന്തമാക്കിയ ഖത്തറിന്റെ പരിശീലന പരിപാടിയിലാണ് സൗഹൃദ രാജ്യമെന്ന പദവി ഉപയോഗിച്ച് പാകിസ്ഥാൻ പൈലറ്റുമാർ പങ്കെടുത്തതെന്നാണ് വിവരം. വ്യോമയാന രംഗത്തെ ചലനങ്ങൾ നിരീക്ഷിക്കുന്ന ഒരു വെബ്‌സൈറ്റിനെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. എന്നാൽ റാഫേൽ യുദ്ധവിമാനങ്ങളുടെ നിർമാതാക്കളായ ഡസോൾട്ട് ഏവിയേഷനും ഫ്രഞ്ച് സർക്കാരും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
ഉടൻ ഇന്ത്യക്ക് കൈമാറുന്ന റാഫേൽ വിമാനങ്ങളുടെ സാങ്കേതിക വിദ്യ പാകിസ്ഥാന് മനസിലായാൽ യുദ്ധമുഖത്ത് അത് തിരിച്ചടിയാകുമെന്ന് പ്രതിരോധ വിദഗ്‌ദ്ധരുടെ ആശങ്ക. റാഫേൽ വിമാനങ്ങളുടെ ഹൃദയം എന്ന് വിശേഷിപ്പിക്കുന്ന ആർ.ബി.ഇ–2 എ.ഇ.എസ്.എ(ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാൻഡ് അറേ) റഡാറിന്റെ സവിശേഷതകൾ പാകിസ്ഥാൻ പൈലറ്റുമാർക്ക് മനസിലാക്കാനാകുമെന്നതാണ് ആശങ്കയ്‌ക്ക് കാരണം. ഖത്തറിന്റെ കൈവശമുള്ള വിമാനത്തിലും ഇതേ റഡാറാണ് ഉപയോഗിക്കുന്നത്. കരയിലും കടലിലും ആകാശത്തുമുള്ള ലക്ഷ്യസ്ഥാനങ്ങളെ നിരീക്ഷിക്കാൻ കഴിയുന്നതാണ് ആർ.ബി.ഇ–2 റഡാറുകൾ. ഖത്തറിന് ലഭ്യമാകുന്ന വിമാനത്തിൽ നിന്നും ഈ സാങ്കേതിക വിദ്യ പാകിസ്ഥാൻ മനസിലാക്കിയാൽ അത് ഇന്ത്യയുടെ സൈനിക നീക്കങ്ങൾക്ക് തിരിച്ചടിയാകും. റാഫേലിലെ ആയുധ വിന്യാസ സംവിധാനങ്ങൾ കൂടി പാകിസ്ഥാൻ മനസിലാക്കിയാൽ അത് ഇന്ത്യയുടെ സൈനിക സംവിധാനങ്ങൾ പ്രതിരോധിക്കാൻ പാകിസ്ഥാന് സഹായകമാകുമെന്നും പ്രതിരോധ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നു.
അതേസമയം, പാകിസ്ഥാൻ പൈലറ്റുമാർക്ക് ഖത്തറിൽ പരിശീലനം നൽകിയെന്ന വാർത്തകൾ ഡൽഹിയിലെ ഫ്രഞ്ച് അംബാസിഡർ നിഷേധിച്ചു. 2017ൽ ഖത്തറിൽ വച്ച് പരിശീലനം ലഭിച്ച ആദ്യ ബാച്ചിലുണ്ടായിരുന്നത് പാകിസ്ഥാൻ പൈലറ്റുമാരാണെന്നാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തത്. റാഫേൽ വിമാന കരാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആരോപണം ഉയർത്തുന്നതിനിടെയാണ് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന രീതിയിലുള്ള പുതിയ റിപ്പോർട്ട് വന്നത്.