ന്യൂഡൽഹി: ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണം നടന്ന് 43 ദിവസങ്ങൾക്കു ശേഷം രാജ്യാന്തര മാദ്ധ്യമ സംഘത്തെ എത്തിച്ച് പാക് സെെന്യം. ഇന്ത്യൻ ആക്രമണമുണ്ടായ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. ബോംബ് വീണ സ്ഥലത്തു വലിയ ഗർത്തം കണ്ടതായി ഇവർ പറയുന്നു. അതേസമയം, സന്ദർശനം വൈകിപ്പിച്ചത് ആഘാതം മറച്ചുവയ്‌ക്കാനെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാന്റെ വാദങ്ങൾ തെറ്റാണെന്നും ഇന്ത്യ പറഞ്ഞു. ബി.ബി.സി ഹിന്ദിയുടെ ലേഖകനും സംഘത്തിൽ ഉണ്ടായിരുന്നുവെന്നും ആൾനഷ്ടമുണ്ടായതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ലെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശികവാസികളുമായി ഏറെ നേരം സംസാരിക്കുന്നതിനു സംഘത്തിനു വിലക്കുണ്ടായിരുന്നു. പാകിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറാണ് സന്ദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്. ഇന്ത്യയുടെ അവകാശവാദങ്ങൾ പാടെ തളളിക്കളയുന്നതാണ് ഇവിടുത്തെ കാഴ്ചകളെന്നു ആസിഫ് ഗഫൂർ പറയുന്നു. ഇന്ത്യ തകർത്തുവെന്നു അവകാശപ്പെടുന്ന മദ്രസയ്ക്കു യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്നും സംഘം പറയുന്നു. ആക്രമണം നടന്നുവെന്നു പറയുന്ന മേഖല ജനവാസമില്ലാത്തതും ഒറ്റപ്പെട്ടതുമാണ്. മലമുകളിൽ സ്ഥിതി ചെയ്യുന്ന മദ്രസയ്ക്കു പ്രത്യക്ഷത്തിൽ യാതൊരു കേടുപാടുകളും ഇല്ലായിരുന്നു. പുതിയതായി പണി കഴിപ്പിച്ച ഒരു കെട്ടിടമായി തോന്നിയില്ല എന്ന് സംഘത്തിലെ മാദ്ധ്യമ പ്രവർത്തകർ പറഞ്ഞതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെ വൈകിട്ടായിരുന്നു സന്ദർശനത്തിനു പാകിസ്ഥാൻ അനുമതി നൽകിയത്. ഇന്ത്യൻ വ്യോമാക്രമണത്തിൽ കാട്ടിലെ മരങ്ങളും കുറച്ചു കൃഷിഭൂമിയും മാത്രമാണു തകർന്നതെന്നാണു പാകിസ്ഥാൻ അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ, മേഖല മുഴുവൻ വളഞ്ഞ് മാദ്ധ്യമങ്ങൾക്കു പോലും പ്രവേശനം നിഷേധിക്കുന്നത് അനുചിതമാണെന്നു രാജ്യാന്തര തലത്തിൽ തന്നെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ മാദ്ധ്യമപ്രവർത്തകരെ ഈ മേഖലയിൽ പ്രവേശിപ്പിച്ചത്.