കൽപ്പറ്റ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കും അദ്ദേഹത്തിന്റെ രണ്ടാം മണ്ഡലമായ വയനാടിനുമെതിരെ വർഗീയപരാമർശം നടത്തിയ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വയനാടിന്റെ ചരിത്രം അമിത് ഷായ്‌ക്ക് അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്താലേ ചരിത്രം മനസിലാകൂ എന്നും പറഞ്ഞു. വയനാടിനെതിരായ പരാമർശം വർഗീയ വിഷം ചീറ്റുന്നതാണ്. ഇക്കാര്യത്തിൽ അമിത് ഷാ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൽപ്പറ്റയിൽ എൽ.ഡി.എഫ് റാലി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഇടതുപക്ഷത്തിന് ഭീഷണിയല്ല. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലൊന്ന് മാത്രമായാണ് വയനാട്ടിനെ ഇടതുപക്ഷം കാണുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.സുനീറിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധിയെ തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നടത്തിയ റാലി കണ്ടാൽ, അത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് സംശയം തോന്നുമെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. നാഗ്പൂരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു ഷാ. ''വയനാട്ടിൽ നടന്ന റാലി കണ്ടാൽ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് പറയാനാവില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുൽ മത്സരിക്കുന്നത്? ഇന്ത്യ പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തിയപ്പോൾ രാജ്യം മുഴുവൻ സന്തോഷിച്ചെങ്കിലും പാകിസ്ഥാനും കോൺഗ്രസ് പാർട്ടിയും ദുഃഖത്തിലായി. കോൺഗ്രസിന്റെ സാം പിത്രോദ പാകിസ്ഥാനുവേണ്ടി വാദിക്കുന്നു. പുൽവാമയിൽ ആക്രമണം നടത്തിയ ഭീകരരെ ന്യായീകരിക്കാനാവുമെന്ന് തോന്നുന്നുണ്ടോ?"- ജനക്കൂട്ടത്തോട് അമിത് ഷാ ചോദിച്ചു.