കുറ്റ്യാടി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ പ്രവർത്തകർക്ക് ഹാരാർപ്പണം നടത്തുന്നതിനിടെ വേദി തകർന്നുവീണു. കുറ്റ്യാടി ചെറിയ കുമ്പളത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സംഭവം. മുരളീധരനെ മാലയണിയിക്കാൻ പ്രവർത്തകർ ശ്രമിക്കുന്നതിനിടെ സ്റ്റേജ് തകർന്ന് വീഴുകയായിരുന്നു. പ്രവർത്തകർക്കൊപ്പം മുരളീധരനും താഴെ വീണു.
എന്നാൽ, ഒന്നും സംഭവിച്ചിട്ടില്ലാത്തമട്ടിൽ എഴുന്നേറ്റ് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്തു. 'ഏത് പ്രതിസന്ധിയുണ്ടായാലും അതിനെയല്ലാം അതിജീവിക്കാൻ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവർത്തനത്തെ ബാധിക്കാൻ പോവില്ലെന്നും ചിരിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞു. പ്രവർത്തകരും അത് കയ്യടിച്ചു സ്വീകരിച്ചു.