ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ആധികാരത്തിൽ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രസ്ഥാവനയ്ക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്തെത്തി. മോദിയെ സഹായിക്കാനാണോ തിരഞ്ഞെടുപ്പിന് മുൻപ് പാകിസ്ഥാൻ പുൽവാമയിൽ ആക്രമണം നടത്തിയതെന്ന് കേജ്‌രിവാൾ ചോദിച്ചു.
''ഇമ്രാൻ ഖാൻ മോദിയെ പിന്തുണയ്‌ക്കുകയാണ്. അതിനാൽ, അവരുമായി മോദിക്ക് ഒരു രഹസ്യ ധാരണയുണ്ടെന്നുള്ള കാര്യമാണ് വ്യക്തമായിരിക്കുന്നത്. മോദിയെ സഹായിക്കാനാണോ തിരഞ്ഞെടുപ്പിന് മുമ്പ് അവർ ഫെബ്രുവരി 14ന് നമ്മുടെ 40 സി.ആർ.പി.എഫ് ജവാന്മാരെ അവർ കൊലപ്പെടുത്തിയതെന്ന് എല്ലാവരും ചോദിക്കുന്നു''- കെജ്‍രിവാൾ ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ ബി.ജെ.പി സർക്കാർ വരുന്നതായിരിക്കും നല്ലതെന്ന ഇമ്രാൻ ഖാന്റെ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
കോൺഗ്രസ് അധികാരത്തിൽ വരുന്നത് കാശ്മീർ വിഷയത്തിൽ പ്രശ്‌നപരിഹാരത്തിന് സഹായകരമാകില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. വിദേശ മാദ്ധ്യമ പ്രവർത്തകർക്കു നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരിച്ചത്. നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ മാത്രമേ പാകിസ്ഥാനുമായുള്ള സമാധാന ചർച്ചകൾ നടക്കാൻ ഇടയുള്ളൂ എന്നും ഇമ്രാൻ പറഞ്ഞിരുന്നു.