മലയാളസിനിമയുടെ ഇതുവരെയുള്ള റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ച് മുന്നോട്ടു കുതിക്കുകയാണ് ലൂസിഫർ. റിലീസ് ചെയ്‌ത് എട്ട് ദിവസത്തിനുള്ളിൽ നൂറു കോടി കളക്‌ട് ചെയ്‌ത് വിസ്‌മയമായി തീർന്നു കഴിഞ്ഞു ഈ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം. മോഹൻലാൽ എന്ന മലയാള സിനിമയുടെ ഏറ്റവും വലിയ വാണിജ്യമൂല്യത്തെ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടുതന്നെയാണ് പൃഥ്വിരാജ് ലൂസിഫർ ഒരുക്കിയത്.
സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‌ട്രീയ നേതാവിനപ്പുറം പ്രേക്ഷകനെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ് ചിത്രത്തിൽ മോഹൻലാൽ. യുവസൂപ്പർതാരം പൃഥ്വിരാജ് സംവിധായക മേലങ്കി ആദ്യമായി അണിഞ്ഞ ചിത്രമാണ് ലൂസിഫറെങ്കിലും, പെർഫക്‌ട് എന്റർടെയിനർ എന്നു തന്നെ വിശേഷിപ്പിക്കപ്പെട്ടുകഴിഞ്ഞു ചിത്രം.
ലൂസിഫറിന്റെ നിരവധി അണിയറ വിശേഷങ്ങൾ മോഹൻലാൽ അടക്കമുള്ള താരങ്ങൾ ആരാധകരുമായി പങ്കുവച്ചെങ്കിലും ഓരോ പുതിയ വാർത്തയും പ്രേക്ഷകന് ഇപ്പോഴും ആവേശമാണ്. അതുകൊണ്ടുതന്നെ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് വൈറലായി കഴിഞ്ഞു. മോഹൻലാലിനും ഫാസിലിനുമൊപ്പമുള്ള ചിത്രമാണ് പൃഥ്വി ഇത്തവണ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു അടിക്കുറിപ്പും.
'ഒന്നു ചിന്തിച്ചു നോക്കൂ...ഒരു നവാഗത സംവിധായകനായ നിങ്ങൾക്ക് ആദ്യ ദിനം രണ്ട് ഇതിഹാസങ്ങൾക്ക് നിങ്ങളുടെ ആദ്യഷോട്ടിനെ കുറിച്ച് വിശദീകരിക്കേണ്ടി വരുന്നത്'.
പൃഥ്വിയുടെ പോസ്‌റ്റിന് കമന്റുമായി ഉടൻ തന്നെ ആരാധകർ എത്തുകയും ചെയ്‌തു. രണ്ടല്ല ഞങ്ങൾക്ക് മൂന്ന് ഇതിഹാസങ്ങളെയാണ് കാണാൻ സാധിക്കുന്നത് എന്നായിരുന്നു പലരുടെയും മറുപടി.