ലക്‌നൗ: രാഹുൽഗാന്ധിയെ ലേസർഗൺ ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. അമേത്തിയിൽ പത്രിക നൽകാൻ എത്തിയ രാഹുലിന് നേരെ പലതവണ ലേസർ രശ്‌മികൾ പതിച്ചയാതും കോൺഗ്രസ് ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്ത് നൽകിയിട്ടുണ്ട്.
നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയ്‌ക്കു മേൽ പച്ച നിറത്തിലുള്ള ലേസർ രശ്മികൾ പതിച്ചത്. ചുരുങ്ങിയ സമത്തിനുള്ളിൽ ഏഴ് തവണയാണ് ഇതുണ്ടായത്. രാഹുൽ ഗാന്ധിയുടെ തലയുടെ വലതു വശത്താണ് ലേസർ രശ്മികൾ പതിച്ചത്. ഇത് തോക്കിൽ നിന്നുള്ള ലേസർ രശ്‌മികളാണെന്ന് സംശയിക്കുന്നതായി കത്തിൽ പറയുന്നു. സംഭവത്തിൽ സുരക്ഷാ വീഴ്‌ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും, അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും കൊലപാതകങ്ങൾ നടന്ന സാഹചര്യങ്ങളും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയമായ എല്ലാ വ്യത്യാസങ്ങൾക്കും ഉപരിയായി രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉത്തർപ്രദേശ് സർക്കാരിന്റെ പ്രഥമ ഉത്തരവാദിത്വമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.