sonia-gandhi-modi

ന്യൂഡൽഹി: ബി.ജെ.പി 2004 മറക്കരുതെന്ന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടർമാർ നൽകുമെന്നും സോണിയ പറഞ്ഞു. "മോദി അപരാജിതനല്ല. രാജ്യത്ത് ജനങ്ങളെക്കാൾ വലുതായി ആരുമില്ല. 2004ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണി 262 സീറ്റുകൾ നേടി അധികാരത്തിലെത്തിയിരുന്നു. വാജ്പേയി അധികാരത്തിലെത്തുമെന്നായിരുന്നു അന്നുണ്ടായ സർവെ ഫലങ്ങളെ"ന്നും സോണിയ പറ‌ഞ്ഞു. അതേസമയം,​കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി മോദിയെ വെല്ലുവിളിച്ച് രംഗത്തെത്തി. അഴിമതിയെ കുറിച്ചുള്ള സംവാദത്തിന് താൻ തയ്യാറാണെന്നും,​ മോദിയുടെ ഓ‌ദ്യോഗിക വസതിയിലായാലും വരാമെന്ന് രാഹുൽ പറഞ്ഞു.

കഴിഞ്ഞ ദിവസവും മോദിയെ ട്വിറ്ററിലൂടെ രാഹുൽ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ''പ്രിയ പ്രധാനമന്ത്രി, അഴിമതിയെക്കുറിച്ച് എന്നോട് സംവാദത്തിലേർപ്പെടാൻ താങ്കൾക്ക് ഭയയുണ്ടോ..? ഞാൻ താങ്കൾക്ക് അത് കുറച്ച് എളുപ്പമാക്കിത്തരാം. താങ്കൾക്ക് തയ്യാറെടുപ്പ് നടത്താം. 1-റാഫേലും അനിൽ അംബാനിയും, 2- നീരവ് മോദി, 3- അമിത് ഷായും നോട്ട് അസാധുവാക്കലും. ഈ മൂന്ന് വിഷയങ്ങളിൽ സംവാദം നടത്താം'" - രാഹുൽ ട്വിറ്ററിൽ കുറിച്ചു. 'സംവാദത്തിന് ഭയം" എന്ന ഹാഷ് ടാഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.