ബീജിംഗ്: വിവാഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ എത്തി. താലിചാർത്തുന്നതിനുമുമ്പ് മോതിരം കൈമാറി. അതിനുശേഷം മധുരം നൽകി വരൻ വധുവിനെ ചുംബിക്കാനാഞ്ഞു. പെട്ടെന്നതാ സദസിൽ നിന്ന് ഒരു യുവതി വിവാഹമണ്ഡപത്തിലേക്ക് ഒാടിക്കയറിവന്നു. ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അവർ ആവശ്യപ്പെട്ടത് ഇത്രമാത്രമായിരുന്നു-വിവാഹം കഴിക്കുന്നെങ്കിൽ അത് എന്നെ മാത്രമായിരിക്കണം. അതിഥികൾക്കും പ്രതിശ്രുതവധുവിനും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല.
അല്പം കഴിഞ്ഞപ്പോൾ യുവതി തന്നെ എല്ലാം പറഞ്ഞു. വർഷങ്ങളോളം വരന്റെ കാമുകിയായിരുന്നു യുവതി.
കഴിഞ്ഞദിവസം ചൈനയിലെ ഒരു വിവാഹവേദിയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ വൈറലായി.
വധുവിനെ തോൽപ്പിക്കുന്ന തരത്തിൽ മേക്കപ്പുമിട്ട് വിവാഹവസ്ത്രവുമണിഞ്ഞാണ് യുവതി എത്തിയത്. പിന്നെ തൊണ്ടപൊട്ടുമാറുച്ചത്തിൽ നിലവിളിയായിരുന്നു.
പ്രണയബന്ധം തകരാൻ കാരണക്കാരി താനാണെന്നും എല്ലാത്തിനും മാപ്പുചോദിക്കുന്നുവെന്നും പറഞ്ഞ് വരന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു.
ഇതെല്ലാം കേട്ട് ഞെട്ടിയ വധു വേദിയുടെ ഒരരികിലേക്ക് മാറിനിന്ന് യുവതിയുടെ തകർപ്പൻ പെർഫോമൻസ് നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം.
എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ വരൻ വധുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഏശിയില്ല. യുവതി പിന്നെയും എന്തൊക്കെയോ പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു.കാര്യങ്ങൾ കൈവിട്ടുപോവുകയാണെന്ന് മനസിലാക്കിയ വരൻ വധുവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും കൈതട്ടിമാറ്റി വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. എന്തുസംഭവിച്ചാലും ഇൗ വിവാഹത്തിന് ഇല്ലെന്നാണ് വധുവിന്റെ നിലപാട്.
വധു പിണങ്ങിപ്പോവുകയാണെങ്കിൽ ആ ഗ്യാപ്പിൽ തന്റെ വിവാഹം നടത്താമെന്നുകരുതിയാണ് യുവതി വിവാഹവസ്ത്രവും മേക്കപ്പുംഇട്ട് വന്നതത്രേ. പക്ഷേ, ആഗ്രഹം നടന്നോ എന്ന് വ്യക്തമല്ല.