ന്യൂഡൽഹി: ജയിലിലായ ഭർത്താവിന്റെ നിർദ്ദേശാനുസരണം യുവാക്കളെ ഉപയോഗിച്ച് കൂലിത്തല്ലും പിടിച്ചുപറിയും നടത്തിയിരുന്ന യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ മോഹൻ ഗാർഡനിലെ ജോഗീന്ദർ ജലാൽ എന്നയാളുടെ ഭാര്യയ്ക്കുവേണ്ടിയാണ് തെരച്ചിലാരംഭിച്ചത്. ഇവരുടെ സംഘത്തിൽപ്പെട്ട രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കൊടും ക്രിമിനലായ ജോഗീന്ദർ ഇപ്പോൾ തീഹാർ ജയിലിലാണ്.
ഇയാളാണ് ഭാര്യയ്ക്കു വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നത്. ഭർത്താവിനെ സന്ദർശിക്കാനെന്ന വ്യാജേനയാണ് യുവതി ജയിലിലെത്തുന്നത്.ഈ സമയമാണ് നിർദ്ദേശങ്ങൾ കൈമാറുന്നത്. ഏതൊക്കെ രീതിയിൽ പിടിച്ചുപറി നടത്താമെന്നും പിടിയിലാകാതെ എങ്ങനെ രക്ഷപ്പെടാമെന്നതുമാണ് പ്രധാന ഉപദേശം. ഭാര്യ അത് അപ്പടി പാലിക്കുകയും ചെയ്യും.
ഇത്തരത്തിൽ നിരവധി പിടിച്ചുപറികൾ നടത്തി. അടുത്തിടെ ഒരു സ്വകാര്യ സ്കൂളിലെ പ്യൂണിന്റെ ബാഗിൽ നിന്ന് അഞ്ചുലക്ഷം രൂപ കൊള്ളയടിച്ചതിനെക്കുറിച്ചുള്ള അന്വഷണമാണ് ഇവരെ കുടുക്കിയത്. പണമടങ്ങിയ ബാഗുമായി ബാങ്കിലേക്ക് പോയ പ്യൂണിനെ ബൈക്കിലെത്തിയ യുവാക്കൾ കാലിൽ വെടിവച്ച ശേഷം പണം കവരുകയായിരുന്നു. യുവാക്കളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞത് അന്വേഷണത്തിന് സഹായകമായി.
വാഹന പരിശോധനയ്ക്കിടെ പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതോടെ അവർ എല്ലാം തുറന്നു പറഞ്ഞു. ഇവരുടെ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും യുവതിയെ പിടികൂടാനായില്ല.