ആലപ്പുഴ: സി.പി.എമ്മും കോൺഗ്രസും തമ്മിൽ മുൻകാലങ്ങളിലുണ്ടായിരുന്ന രഹസ്യധാരണ വയനാട്ടിൽ രാഹുൽ സ്ഥാനാർത്ഥിയായതോടെ പരസ്യമായി പുറത്ത് വന്നിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. പ്രസ് ക്ളബിൻെറ ജനസമക്ഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരസ്പരം സഹായിക്കാനുള്ള ധാരണ ഇരുപാർട്ടികളുടെയും കേന്ദ്രനേതാക്കൾ തമ്മിലുണ്ടാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തെ പിന്നിൽ നിന്ന് കുത്തിയതാരാണെന്ന് സി.പി.എമ്മിൽ നിന്ന് പഠിക്കേണ്ട കാര്യം ബി.ജെ.പിക്കില്ല. അമിത് ഷായെ പഠിപ്പിക്കേണ്ട. പിണറായി സ്വയം പഠിച്ചാൽ മതി. മുസ്ളീം ലീഗിനെ വിമർശിക്കുമ്പോൾ മുഖ്യമന്ത്രിക്ക് ഹാലിളകുന്നതെന്തിന്. ലീഗിൻെറ കൊടിയും ചിഹ്നവും ഉത്തരേന്ത്യക്കാർക്ക് വിഭജനകാലത്തെയാണ് ഓർമ്മപ്പെടുത്തുന്നത്. ലീഗിൻെറ കൊടിയിലെ മതചിഹ്നം ഉപേക്ഷിക്കണമെന്ന് പറയാൻ സി.പി.എം തയ്യാറാകുമാേ. ഒരു പാർട്ടി പരസ്യമായി മതചിഹ്നം ഉപയാേഗിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ മൗനം പാലിക്കുകയാണ്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഏകപക്ഷീയമായി പ്രവർത്തിക്കുകയാണ്. സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ മൂന്ന് മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തണമെന്നാണ് പുതിയ നിർദ്ദേശം. മാദ്ധ്യമങ്ങളെ തിരഞ്ഞെടുത്തതിൻെറ മാനദണ്ഡമെന്താണ്. സി.പി.എമ്മിൻെറ പത്രത്തിലും ചാനലിലും പ്രസിദ്ധീകരിക്കുന്നതിൻെറ വിശ്വാസ്യത എന്താണ്.ഇത്തരം നീക്കങ്ങൾ സംസ്ഥാന കമ്മിഷൻ അവസാനിപ്പിച്ചില്ലെങ്കിൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് രമേശ് പറഞ്ഞു.