thodupuzha-crime

തൊടുപുഴ: ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അരുൺ ആനന്ദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ അഭിലാഷ് ഡേവിഡും സംഘവുമാണ് അരുണിനെ കുമാരമംഗലത്തുള്ള വാടകവീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുപോയത്. കുട്ടികളെ മർദ്ദിച്ച മുറിയുടെ മൂലയിൽ നിന്നാണ് ചൂരൽ കിട്ടിയത്. അതിന്റെ അറ്റം ഒടിഞ്ഞിരുന്നു. കൂട്ടത്തിൽ ഒരു കമ്പിയും കിട്ടി. അത് വ്യായാമം ചെയ്യാനുള്ളതാണെന്നാണ് അരുൺ ആനന്ദ് പറഞ്ഞത്.

'ഈ ചൂരൽ കൊണ്ടാണ് അവനെ തല്ലിയത്', യാതൊരു കൂസലുമില്ലാതെ തെളിവെടുപ്പിനിടയിൽ അരുൺ ആനന്ദ് പറയുന്നത് കേട്ട് പൊലീസുകാർ വരെ അമ്പരന്നുപോയിരുന്നു. മുറിയിലെ ചാക്കും ആൽബവും കുട്ടികളുടെ പുസ്തകങ്ങളുമെല്ലാം പരിശോധിച്ചു. ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട പ്രതിയെ ജയിലിലേക്ക് തന്നെ മടക്കി അയച്ചു. അരുൺ ഇപ്പോൾ മുട്ടം ജില്ലാ ജയിലിലാണ്. സഹ തടവുകാരിൽ നിന്നു ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുൺ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ മാർച്ച് 28നാണ് കൊടുംക്രൂരതയുടെ കഥ പുറത്തറിയുന്നത്. അന്ന് പുലർച്ചെയാണ് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഏഴുവയസുകാരനെ അമ്മയും കാമുകനായ അരുണും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. വീണു പരിക്കേറ്റെന്നായിരുന്നു ആദ്യം പറഞ്ഞത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. ഭീകരമായിരുന്നു മുറിവ്. അതുകൊണ്ടുതന്നെ അരുണും യുവതിയും പറഞ്ഞത് വിശ്വസിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. അവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉരുത്തിരിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവിരങ്ങളായിരുന്നു. ക്രൂരമർദ്ദനമാണ് പലപ്പോഴായി അരുണിൽ നിന്ന് ഏഴുവയസുകാരന് നേരിടേണ്ടി വന്നത്. കുട്ടിയുടെ അനുജനായ നാലു വയസുകാരനെയും ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.