assange

ലണ്ടൻ: പ്രതിരോധ,​ നയതന്ത്ര രഹസ്യങ്ങൾ ചോർത്തി പ്രസിദ്ധീകരിച്ചതിന്

അമേരിക്കയുടെ നോട്ടപ്പുള്ളിയായ വിക്കിലീക്ക്സിന്റെ സ്ഥാപകൻ ജൂലിയൻ അസാൻജിനെ ബ്രിട്ടീഷ് പൊലീസ് ഇന്നലെ ഇക്വഡോർ എംബസിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഏഴ് വർഷമായി എംബസിയിൽ രാഷ്‌ട്രീയ അഭയത്തിൽ കഴിയുകയായിരുന്നു 47കാരനായ അസാൻജ്.

ഇക്വഡോർ ഗവൺമെന്റ് രാഷ്‌ട്രീയ അഭയം പിൻവലിച്ചതിനെ തുടർന്ന് അംബാസഡർ ലണ്ടൻ മെട്രോ പോളിറ്റൻ പൊലീസിനെ

എംബസിയിലേക്ക് ക്ഷണിക്കുകയും അവർ എത്തി അസാൻജിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

രണ്ട് ലൈംഗിക പീഡന കേസുകളിൽ ബ്രിട്ടൻ തന്നെ സ്വീഡന് കൈമാറുന്നതിൽ നിന്ന് രക്ഷപ്പെടാനാണ് അസാൻജ് 2012ൽ ഇക്വഡോർ എംബസിയിൽ അഭയം തേടിയത്. ലൈംഗിക പീഡന കേസുകൾ പിന്നീട് സ്വീഡിഷ് അധികൃതർ ഉപേക്ഷിച്ചെങ്കിലും രഹസ്യങ്ങൾ ചോർത്തിയ കേസിൽ അമേരിക്കയ്‌ക്ക് തന്നെ കൈമാറുമെന്ന് അസാൻജ് ഭയന്നിരുന്നു. കീഴടങ്ങാൻ കോടതി വാറണ്ടുണ്ടായിരുന്നതിനാൽ എംബസിക്ക് പുറത്തിറങ്ങിയാൽ അറസ്റ്റിലാകുന്ന സാഹചര്യമായിരുന്നു. വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ച ഈ വാറണ്ട് പ്രകാരവും അമേരിക്കയ്‌ക്ക് കൈമാറാനുള്ള മറ്റൊരു വാറണ്ട് പ്രകാരവുമാണ് അസാൻജിനെ ഇന്നലെ അറസ്റ്റ് ചെയ്‌തത്. ആദ്യം ബ്രിട്ടനിൽ നിയമ നടപടികൾക്ക് വിധേയനാകുന്ന അസാൻജിനെ പിന്നീട് അമേരിക്കയ്‌ക്ക് കൈമാറിയേക്കാം.

അസാൻജിനെ ശാരീരികമായി പീഡിപ്പിക്കുകയോ വധശിക്ഷ വിധിക്കുകയോ ചെയ്യുന്ന ഒരു രാജ്യത്തിനും കൈമാറില്ലെന്ന് ബ്രിട്ടനിൽ നിന്ന് രേഖാമൂലം ഉറപ്പു വാങ്ങിയാണ് ഇക്വഡോർ അസാൻജിന്റെ അഭയം പിൻവലിച്ചത്.

ഇക്വഡോറിന് മടുത്തു

മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നതുൾപ്പെടെ അസാൻജിന്റെ നിയമലംഘനങ്ങൾ പരിധി വിട്ടതിനാലാണ് അഭയം പിൻവലിച്ചതെന്ന് ഇക്വഡോർ പ്രസിഡന്റ് ലെനിൻ മൊറേനോ അറിയിച്ചു. ജനുവരിയിൽ വിക്കിലീക്ക്‌സ്

വത്തിക്കാൻ രേഖകൾ ചോർത്തി, എംബസിയിലെ കാമറകൾ കേടാക്കി, ഗാർഡുകളുമായി ഏറ്റുമുട്ടി, ബ്രിട്ടനെതിരെ അപ്രിയ പരാമർശങ്ങൾ നടത്തി, മൊറേനോയുടെ വ്യക്തി ജീവിതത്തിന്റെ വിവരങ്ങൾ പോലും അസാൻജ് ചോർത്തിയതായും ആരോപണമുണ്ട്.

''അസാൻജിന്റെ രാഷ്ട്രീയ അഭയം പിൻവലിച്ചത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ''

--വിക്കിലീക്ക്സ് ട്വീറ്ററിൽ.

 വിക്കിലീക്ക്സ്

2010ൽ അമേരിക്കയുടെ പ്രതിരോധ രഹസ്യ രേഖകളടക്കം ചോർത്തിയാണ് ആസ്‌ട്രേലിയൻ കമ്പ്യൂട്ടർ പ്രോഗ്രാമറായ ജൂലിയൻ അസാൻജ് ലോകശ്രദ്ധ നേടിയത്. ലോകമാദ്ധ്യമങ്ങളിലൂടെയും സ്വന്തം വെബ്സൈറ്റിലൂടെയും ഒരു കോടിയിലേറെ രഹസ്യ രേഖകൾ പ്രസിദ്ധീകരിച്ചു. 2006ൽ ആരംഭിച്ച വിക്കിലീക്‌സ് പലതവണ നിരോധിച്ചെങ്കിലും പല ഇന്റർനെറ്റ് വിലാസങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. അമേരിക്ക അസാൻജിനെ പിടികൂടാൻ ലോകരാജ്യങ്ങളുടെ സഹായം തേടി. ഒരിടത്തും സ്ഥിരമായി താമസിക്കാതെ അജ്ഞാത താവളങ്ങളിൽ താമസിച്ചാണ് അസാൻജ് വിക്കിലീക്ക്സിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്.