യു. കെ യിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ 'ശ്രുതി'യുടെ ഈ വർഷത്തെ കലാവിരുന്നിന് യോർക്ക്ഷയറിലെ ബാൺസ്‌ലിയിൽ അരങ്ങൊരുങ്ങുന്നു. മെയ് 5 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 1:30 മുതൽ ബാൺസ്ലിയിലെ ഹൊറൈസൻ കമ്മ്യുണിറ്റി കോളേജിൽ വച്ച് നടക്കുന്ന വാർഷികദിനാഘോഷത്തിൽ പ്രമുഖ മലയാള ചരിത്രകാരനും വിമർശകനുമായ ശ്രീ പി. കെ. രാജശേഖരൻ, പ്രശസ്ത മോഹിനിയാട്ടം നർത്തകി ശ്രീമതി ഗോപിക വർമ്മ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്നു. യു. കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയുടെ അംഗങ്ങളും സുഹൃത്തുക്കളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നു.'കവിതായനം' എന്ന നൃത്തനാടകം, 'കാപ്പി ചീനോ' എന്ന സംഗീതമേള, 'ദർഘാസ് അഥവാ ടെണ്ടർ' എന്ന ഹാസ്യനാടകം എന്നിവയ്ക്ക് പുറമേ വിശിഷ്‌ട അതിഥിയുമായി അഭിമുഖവും ശ്രീമതി ഗോപിക വർമ്മയുടെ 'ദാസ്യം' എന്ന നൃത്തപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
പ്രശസ്‌ത സാഹിത്യ നിരൂപകനും, എഴുത്തുകാരനും, വാഗ്മിയും, മാതൃഭൂമി പത്രത്തിന്റെ മുൻ എഡിറ്ററുമായിരുന്ന ഡോ. പി കെ രാജശേഖരൻ ഇത്തവണത്തെ ശ്രുതിയുടെ വാർഷികത്തിന് സംസാരിക്കുന്നു. മലയാള ഭാഷയെയും സാഹിത്യത്തെയും അതിന്റെ ചരിത്രത്തെയും കലാലയങ്ങളുടെ നാലു ചുവരുകൾക്കുമപ്പുറം ഭാഷയെ സ്‌നേഹിക്കുന്ന സാധാരണക്കാർക്കുകൂടെ പ്രാപ്യമാക്കാൻ സഹായിച്ചിട്ടുള് രാജശേഖരൻ അദ്ദേഹത്തിന്റെ അനുഭവങ്ങളും വീക്ഷണങ്ങളും ശ്രുതിയുടെ സദസ്സുമായി പങ്കുവയ്ക്കുന്നു.
മറ്റൊരു മുഖ്യാതിഥി, മോഹിനിയാട്ടത്തിൽ പുതുവഴികൾ തെളിച്ച കലൈമാമണി ഗോപിക വർമ്മ ശ്രുതിയുടെ വേദിയിൽ അവതരിപ്പിക്കുന്ന നൃത്ത ശിൽപമാണ് 'ദാസ്യം'. ഭക്തർക്ക് ദാസ്യവേല ചെയ്യുന്ന ഭഗവാൻ കൃഷ്ണന്റെ കഥ പറയുന്ന ഈ അവതരണത്തിലൂടെ ഗോപിക വർമ്മ കണ്ണനോടുള്ള തന്റെ അഗാധ ഭക്തി മോഹിനിയാട്ടത്തിന്റെ ഭാഷയിലൂടെ സംവദിക്കുന്നു.
'ദർഘാസ് അഥവാ ടെൻഡർ' എന്ന ചെറുനാടകം ഒരു മുഗൾ ചക്രവർത്തിക്ക് ഇന്നത്തെ ഭാരതത്തിൽ നേരിടേണ്ടിവരുമായിരുന്ന അഴിമതിയും ചുവപ്പുനാടയും, ഹാസ്യരൂപേണ അവതരിപ്പിക്കുന്നു.
സംഗീതത്തിന് ദേശമോ ഭാഷയോ അതിരുകളല്ലെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്ന ഒരു സംഗീമേളയാണ് 'കാപ്പി ചീനൊ' എന്ന പരിപാടി.
മലയാളകവിതയുടെ നൂറ്റാണ്ടുകൾ നീളുന്ന ചരിത്രത്തിലൂടെയുള്ള ഒരു നൃത്തസംഗീതനാടകയാത്രയാണ് ശ്രുതി അവതരിപ്പിക്കുന്ന 'കവിതായനം' എന്ന പരിപാടി. സംഘകാലത്തെ ചിലപ്പതികാരം മുതൽ ചീരാമൻ, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, വള്ളത്തോൾ, കുമാരനാശാൻ തുടങ്ങി ആധുനിക കവികൾ വരെയുള്ള ആ ചരിത്രത്തിലെ പ്രധാന ഏടുകൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രശസ്ത കവി ഒ.എൻ.വി. കുറുപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ രൂപം കൊണ്ട ശ്രുതിയുടെ പതിനഞ്ചാമത് വാർഷിക ദിനാഘോഷമാണ് മെയ് 5 ഞായറാഴ്ച്ച ബാൺസ്ലിയിലെ ഹൊറൈസൻ കമ്മ്യുണിറ്റി കോളേജിൽ വച്ച് നടക്കുന്നത്.