ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടന്ന ആന്ധ്രപ്രദേശിൽ വ്യാപകമായുണ്ടായ അക്രമങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അനന്ത്പൂർ ജില്ലയിലെ ഒരു ബൂത്തിന് സമീപം ടി.ഡി.പി - വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകർ ഏറ്രുമുട്ടിയതിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ടി.ഡി.പി പ്രവർത്തകൻ സിദ്ധാർത്ഥ ഭാസ്കർ റെഡ്ഡി, വൈ.എസ്.ആർ പ്രവർത്തകൻ പുല്ല റെഡ്ഡി എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.
വിവിധ സ്ഥലങ്ങളിൽ പ്രവർത്തകരുടെ ചേരിതിരിഞ്ഞുള്ള ആക്രമണവും വ്യാപകമായ കല്ലേറും ഉണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രശ്‌നബാധിതമായി പ്രഖ്യാപിച്ച മേഖലയാണ് അനന്ത്പൂർ. പ്രചാരണകാലത്തുതന്നെ ഇവിടെ വൈ.എസ്.ആർ കോൺഗ്രസ് - ടി.ഡി.പി ഏറ്റുമുട്ടൽ പതിവായിരുന്നു.ഗുണ്ടൂരിൽ പോളിംഗ് ബൂത്ത് തകർന്നു. വോട്ടിംഗ് യന്ത്രത്തിൽ തന്റെ ചിഹ്നം വ്യക്തമല്ലെന്ന് ആരോപിച്ച് ഗുണ്ടയ്ക്കലിൽ മുൻ എം.എൽ.എയും ജനസേന പാർട്ടി നേതാവുമായ മധുസൂദനൻ ഗുപ്ത വോട്ടിംഗ് യന്ത്രം എറിഞ്ഞുതകർത്തു. ഇലുരു നഗരത്തിൽ പോളിംഗ് സ്‌റ്റേഷനിൽ ടി.ഡി.പി-വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്രു.
അതിനിടെ, വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടർന്ന് പോളിംഗ് തടസപ്പെട്ട 30 ശതമാനം ബൂത്തുകളിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു റീ പോളിംഗ് ആവശ്യപ്പെട്ടു. ആന്ധ്രയിൽ 362 വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചത്. 175 നിയമസഭാ സീറ്റുകളിലേക്കും 25 ലോക്‌സഭാ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് ആന്ധ്രയിൽ നടക്കുന്നത്. 2014 ജൂണിൽ നടന്ന ആന്ധ്ര - തെലുങ്കാന വിഭജനത്തിന് ശേഷം നടക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്.
ആന്ധ്രയിലും തെലുങ്കാനയിലും കനത്ത പോളിംഗ്
പൂർണമായി വോട്ടെടുപ്പ് നടന്ന ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിൽ 76ശതമാനവും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിൽ 60.57ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും ഒപ്പം നടന്നു. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയതായി കമ്മിഷൻ അറിയിച്ചു.
ആന്ധ്രയിൽ അടക്കം പോളിംഗ് ശതമാനത്തിൽ മാറ്റം വന്നേക്കാം. തകരാറിലായ 428 യന്ത്രങ്ങളാണ് ഇന്നലെ ആകെ മാറ്റിയത്. എല്ലായിടത്തും സുതാര്യമായ വോട്ടിംഗ് ഉറപ്പാക്കിയെന്നും കമ്മിഷൻ പറഞ്ഞു.