rahul-gandhi

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന പരാതിയിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാഹുൽഗാന്ധിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു കത്തും ഞങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അമേത്തിയിൽവച്ച് കഴിഞ്ഞ ദിവസം രാഹുലിന്റെ മേൽ പച്ചനിറത്തിലുള്ള വെളിച്ചം വീണെന്ന വാർത്താ റിപ്പോർട്ടുകളിൽ എസ്‌.പി.ജി ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു.

ഈ പച്ച നിറത്തിലുള്ള വെളിച്ചം എ.ഐ.സിസി ഫോട്ടോഗ്രാഫറുടെ ഫോണിൽ നിന്ന് വന്നതാണെന്ന് എസ്‌.പി.ജി കണ്ടെത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലത്തിന്റെ വിശദീകരണത്തിൽ പറയുന്നു. അമേത്തിയിൽ നാമനിർദ്ദേശ പത്രിക നൽകാനെത്തിയ രാഹുലിനെ അപായപ്പെടുത്താൻ ശ്രമം നടന്നെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. രാഹുൽ ഗാന്ധിക്കു നേരെ സ്‌നൈപ്പർ ഗണ്ണിന്റേതെന്നു കരുതുന്ന ലേസർ രശ്മികൾ പതിച്ചതായും, ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്ത് നൽകിതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. ലേസർ രശ്മികൾ രാഹുലിന് മേൽ പതിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.