km-mani

പാല: അന്തരിച്ച കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണിയുടെ ഭൗതിക ശരീരം പാലാ കത്തീഡ്രൽ പള്ളിയിൽ കാത്തിരുന്ന ജനസാഗരത്തെ സാക്ഷിയാക്കി സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കരിങ്ങോഴക്കൽ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹം മൂന്ന് മണിയോടെയാണ് സംസ്‌ക്കാര ശുശ്രൂഷകൾക്ക് വേണ്ടി പള്ളിയിലേക്ക് നീക്കിയത്.

ഇന്ന് രാവിലോയോടെയാണ് മാണിയുടെ ഭൗതിക ശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചത്. "ഇല്ലാ ഇല്ല മരിക്കില്ല, കെ.എം മാണി മരിക്കില്ല" എന്ന മുദ്രാവാക്യത്തോടെ വികാരതീഷ്ണമായ അന്തരീക്ഷത്തിലാണ് മാണിയുടെ ഭൗതിക ശരീരത്തെ പ്രവർത്തകർ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്. ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തിയിരുന്നു. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ നിന്ന് നേതാക്കൾ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി.

ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുത്തു. ഇന്നലെ രാവിലെ മൃതദേഹവും വഹിച്ച് എറണാകുളത്തുനിന്ന് പുറപ്പെട്ട വിലാപയാത്ര രാത്രി ഏറെ വൈകിയാണ് തിരുനക്കര മൈതാനത്ത് എത്തിച്ചത്. രാത്രി ഒരു മണിയോടെ എത്തിച്ച മൃതദേഹം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ ചേർന്ന് ഏറ്റുവാങ്ങി. ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ ഇവിടെ കാത്തുനിന്നത്.