കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ വായ്‌പാപ്പലിശ നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡമായ മാർജിനൽ കോ
സ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്റിൽ (എം.സി.എൽ.ആർ) 0.05 ശതമാനം ഇളവ് വരുത്തി. പുതുക്കിയ നിരക്കുകൾ ഇന്നലെ പ്രാബല്യത്തിൽ വന്നു. ഒരുവർഷക്കാലാവധിയുള്ള വായ്‌പകളുടെ എം.സി.എൽ.ആർ (പലിശനിരക്ക്) 8.55 ശതമാനത്തിൽ നിന്ന് 8.50 ശതമാനമായാണ് കുറച്ചത്. കഴിഞ്ഞവാരം റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചതിന്റെ ചുവടുപിടിച്ചാണ് നടപടി.
30 ലക്ഷം രൂപവരെയുള്ള ഭവന വായ്‌പകളുടെ പലിശനിരക്കിൽ 0.10 ശതമാനം ഇളവും എസ്.ബി.ഐ വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം പലിശനിരക്ക് നിലവിലെ 8.70-9 ശതമാനം എന്നതിൽ നിന്ന് 8.60-8.90 ശതമാനം ആയി കുറഞ്ഞു. 2016 ഏപ്രിൽ മുതലാണ് രാജ്യത്തെ വാണിജ്യ ബാങ്കുകൾ വായ്‌പാപ്പലിശയുടെ മാനദണ്ഡമായി എം.സി.എൽ.ആർ സ്വീകരിച്ചത്. എന്നാൽ, റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് ആനുപാതികമായ ഇളവ് എം.സി.എൽ.ആർ പ്രകാരം ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. തുടർന്ന്, നടപ്പു സാമ്പത്തിക വർഷം മുതൽ പലിശനിർണയത്തിന് പുതിയ മാനദണ്ഡം കൊണ്ടുവരുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയെങ്കിലും ഇതു നടപ്പാക്കുന്നത് മേയ് ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്.
റിപ്പോ നിരക്കിന് അനുസൃതമായി ബാങ്കുകൾക്ക് വായ്‌പാപ്പലിശ നിശ്‌ചയിക്കുന്ന മാനദണ്ഡമാണ് നടപ്പാക്കുക. എസ്.ബി.ഐ ഈ മാനദണ്ഡത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവാരം റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയും വായ്‌പാപ്പലിശ കുറച്ചിരുന്നു. മറ്റു ബാങ്കുകളും വൈകാതെ ഈ പാത സ്വീകരിച്ചേക്കും.