തിരുവനന്തപുരം: കിഫ്ബി കൊട്ടിഘോഷിച്ച് ഇറക്കിയ 2150 കോടിയുടെ മസാല ബോണ്ടുകൾ വാങ്ങുന്നത് ലാവ്‌ലിൻ കമ്പനിയുമായി അടുത്ത ബന്ധമുള്ള സി.ഡി.പി.ക്യു എന്ന സ്ഥാപനമാണെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇടതു സർക്കാർ അധികാരത്തിൽ വന്ന നാൾ മുതൽ വിവാദങ്ങളിൽ കുടുങ്ങിയ സ്ഥാപനമാണ് കിഫ്ബി. കഷ്ടിച്ച് ആറായിരം കോടി രൂപയാണ് കിഫ്ബിയിൽ ഇതുവരെ സമാഹരിച്ചതായി കാണുന്നത്. മസാല ബോണ്ടു കൂടിയാകുമ്പോൾ അത് 9000 കോടിക്കടുത്ത് വരും. എന്നാൽ 43000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബിയിലൂടെ നടപ്പാക്കാൻ സർക്കാർ ഭരണാനുമതി നൽകിയിരിക്കുകയാണ്.നാല്‍പ്പത്തിമൂവായിരം കോടി രൂപയുടെ പദ്ധതികൾ 9000 കോടി കൊണ്ട് എങ്ങനെ നടപ്പാക്കുമെന്ന് ചോദിച്ചാൽ ഉത്തരമില്ല.

2150 കോടി രൂപയുടെ മസാല ബോണ്ടുകൾ വാങ്ങുന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസിൽ ആരോപണ വിധേയരായ ലാവ്‌ലിൻ കമ്പനിയിൽ നിർണായക ഓഹരികളുള്ള ഫണ്ടിംഗ് ഏജൻസിയാണ്. ലാവ്‌ലിൻ അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നയാളാണ് മുഖ്യമന്ത്രി. ആ കേസ് ഇപ്പോൾ സുപ്രീംകോടതി പരിഗണനയിലാണ്. പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ലാവ്‌ലിനുമായി ബന്ധപ്പെട്ട് വീണ്ടും സംശയകരമായ ഒരു ഇടപാടുണ്ടാവുകയാണ്. ഇടപാട് സംബന്ധിച്ച എല്ലാ വിവരങ്ങളും സർക്കാർ മറച്ചു വച്ചിരിക്കുകയുമാണ്. അത് ദുരൂഹത വർദ്ധിപ്പിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.