ദുബായ്: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിക്ഷേപ താത്പര്യവുമായി ലുലു ഗ്രൂപ്പ്. ലോജിസ്‌റ്രിക്‌സ്-കാർഷിക മേഖലയിൽ നിക്ഷേപിക്കുന്നത് സംബന്ധിച്ച് ദുബായിൽ നടന്ന നിക്ഷേപക സംഗമത്തിൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ചർച്ച നടത്തി.ലുലു ഗ്രൂപ്പിന്റെ പ്രവർത്തനരീതി പ്രസിഡന്റിനോട് എം.എ. യൂസഫലി വിശദീകരിച്ചു.
നൈജീരിയൻ കർഷകരുമായി ചേർന്ന് ഗ്രൂപ്പ് ഫാർമിംഗിന് ലുലു ഗ്രൂപ്പിന് താത്പര്യമുണ്ട്. ഇതുവഴി, ഗുണമേന്മയേറിയ നൈജീരിയൻ കാർഷികോത്പന്നങ്ങൾ ലുലുവിന്റെ വിവിധ ഹൈപ്പർ മാർക്കറ്റുകളിൽ വില്‌ക്കാനാകും. ലുലു ഗ്രൂപ്പിന്റെ ഉന്നതതല സംഘം വൈകാതെ നൈജീരിയ സന്ദർശിച്ച് കൂടുതൽ ചർച്ചകൾ നടത്തുമെന്നും എം.എ. യൂസഫലി പറഞ്ഞു. നൈജീരിയയിൽ നിക്ഷേപം നടത്തി, ചുരുങ്ങിയ കാലത്തിനകം മികച്ച ലാഭം കൊയ്യാനുള്ള സാഹചര്യമാണുള്ളതെന്ന് എം.എ. യൂസഫലിയോട് പ്രസിഡന്റ് ബുഹാരി പറഞ്ഞു. നിക്ഷേപകർക്ക് അനുയോജ്യമായ വിവിധ മേഖലകളിൽ വൻസാദ്ധ്യതകളാണ് രാജ്യത്തുള്ളത്. നിക്ഷേപകർക്ക് നൈജീരിയൻ സർക്കാർ എല്ലാവിധ സഹകരണവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നൈജീരിയയിൽ റീട്ടെയിൽ-ലോജിസ്‌റ്രിക്‌സ് മേഖലയിൽ നിക്ഷേിക്കുന്നതിനൊ്പം കാർഷികോത്‌പന്ന സംഭരണവും നടത്തുന്നത്, കർഷകർക്ക് വലിയ നേട്ടമാകുമെന്ന് നൈജീരിയൻ വിദേശകാര്യ മന്ത്രി ജെഫ്രി ഒന്യാമ പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഈജിപ്‌ത് എന്നിവിടങ്ങളിൽ നിലവിൽ ലുലു ഗ്രൂപ്പിന് ലോജിസ്‌റ്റിക്‌സ് - ഹൈപ്പർ മാർക്കറ്റുകളുണ്ട്. കൂടിക്കാഴ്ചയിൽ നൈജീരിയയിലെ യു.എ.ഇ സ്ഥാനപതി ഫഫദ് അൽ തഫാഖ്, യു.എ.ഇയിലെ നൈജീരിയൻ സ്ഥാനപതി മുഹമ്മദ് റിമി, നൈജീരിയയിലെ ജിഗാവ പ്രവിശ്യ ഗവർണർ അബൂബക്കർ ബഹാരു, ലുലു ഗ്രൂപ്പ് സി.ഒ.ഒ. വി.ഐ. സലിം, ഡയറക്‌ടർ എം.എ. സലീം എന്നിവരും സംബന്ധിച്ചു.