ലഖ്നൗ: ബീഫ് കൈവശം വച്ചതിന്റെ പേരിൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന മധ്യവയസ്‌കൻ മുഹമ്മദ് അഖ്‌ലാഖിന്റെ ബന്ധുക്കളുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായി. ഗൗതം ബുദ്ധ് നഗറിലെ വോട്ടർ ലിസ്റ്റിൽ നിന്നാണ് ഇയാളുടെ എല്ലാ കരുടുംബാംഗങ്ങളുടെയും പേര് പുറത്തായിരിക്കുന്നത്.
അഖ്‌ലാഖിന്റെ കുടുംബം മാസങ്ങളായി ബിസാര ഗ്രാമത്തിലല്ല താമസിക്കുന്നതെന്നും അതിനാലാണ് കുടുംബാംഗങ്ങളുടെ പേര് വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കിയത് എന്നുമാണ് ഗൗതം ബുദ്ധ് നഗറിലെ ബ്ലോക്ക് ലെവൽ ഓഫീസർ പറയുന്നത്.
2015ലാണ് ദാദ്രിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ ബീഫ് സൂക്ഷിച്ചു എന്നായിരുന്നു ആൾക്കൂട്ടം അഖ്‌ലാഖിന് മേൽ ചുമത്തിയ കുറ്റം. വീട്ടിൽ നിന്നും വിളിച്ചിറക്കി ഇരുന്നൂറോളം വരുന്ന ആക്രമികളാണ് അമ്പത്തൊന്നുകാരനായ ഇയാളെ മർദിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ള നിരവധി പേർ അറസ്റ്റിലായിരുന്നു.
അതേസമയം, ഈ സംഭവത്തിൽ ഉൾപ്പെട്ടവരിൽ പലരും ഇപ്പോൾ ഗൗതം ബുദ്ധ് നഗറിലെ തിരഞ്ഞെടുപ്പ് റാലിയിൽ സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്നുണ്ട്. ഈ സംഭവം മറന്നു പോകരുതെന്ന് ആവർത്തിച്ചാണ് ഇതേ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ മഹേഷ് ശർമ്മയ്ക്ക് വേണ്ടി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് അഭ്യർത്ഥിക്കുന്നത്.