നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ പോളിംഗ് ബൂത്തിൽ നമോ ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത സംഭവത്തിൽ യു.പിയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ വിശദീകരണം തേടി. ഗൗതം ബുദ്ധനഗറിലെ പൊളിംഗ് ബൂത്തിലാണ് പോളിംഗ് നടന്നുകൊണ്ടിരിക്കെ കാവി നിറത്തിലുള്ള പെട്ടികളിൽ നമോ എന്നെഴുതിയ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്.
അതേസമയം ഭക്ഷണപ്പൊതികൾ എത്തിച്ചതിൽ പ്രശ്നമൊന്നുമില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ഇതിന് ബന്ധമില്ലെന്നും പോളിംഗ് ബൂത്തിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിതരണം ചെയ്ത പൊതികളുടെ മുകളിൽ രേഖപ്പെടുത്തിയ നമോ എന്നത് കടയുടെ പേരാണെന്നും അതിൽ വേറെ ഉദ്ദേശ്യമൊന്നുമില്ലെന്നും ജില്ലാ മജിസ്ട്രേട്ട് വ്യക്തമാക്കി. ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത സ്ഥാപനവുമായി ബന്ധമൊന്നുമില്ലെന്ന് ബി.ജെ.പിയും പറഞ്ഞിട്ടുണ്ട്.