ബംഗളുരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തിൽ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോൺഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ഇന്ദിരനഗറിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഖുഷ്ബു ആക്രമിയുടെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ശാന്തിനഗർ എം.എൽ.എയായ എൻ.എ ഹാരിസ്, ബംഗളുരു സെൻട്രലിലെ സ്ഥാനാർത്ഥി റിസ്‌വാൻ അർഷദ് എന്നിവർക്കൊപ്പം പ്രചാരണ വേദിയിൽ നിന്ന് മടങ്ങാനായി കാറിലേക്ക് കയറാൻ എത്തിയപ്പോഴാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്. പാർട്ടി പ്രവർത്തകർക്കൊപ്പം പിന്നിലൂടെ വന്നയാൾ രണ്ട് തവണ തന്റെ ശരീരത്തിൽ സ്പർശിച്ചെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം ശരീരത്തിൽ പിടിച്ചുവെങ്കിലും താരം പ്രതികരിച്ചില്ല. വീണ്ടും ഇയാൾ സംഭവം ആവർത്തിച്ചതോടെയാണ് അക്രമിയുടെ മുഖത്തടിച്ചത്.
പൊലീസ് ഇടപെട്ട് ഉടൻ തന്നെ യുവാവിനെ സ്ഥലത്ത് നിന്ന് നീക്കി. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും സംഭവം ദൗർഭാഗ്യകരമാണെന്നും സ്ഥാനാർത്ഥിയായ റിസ്‌വാൻ അർഷദ് പറഞ്ഞു. അതേസമയം, സംഭവത്തിൽ ഖുഷ്ബുവിന് പരാതിയില്ലാത്തതിനാൽ യുവാവിനെതിരെ കേസെടുത്തിട്ടില്ലെന്നും ഇയാളെ താക്കീത് നൽകി വിട്ടയച്ചുവെന്നും ഇന്ദിരാ നഗർ പൊലീസ് അറിയിച്ചു.
വീഡിയോ കാണാം...