sonia

റായ്ബറേലി: യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വൻ ജനാവലിക്കൊപ്പം റോഡ് ഷോ നടത്തിയാണ് പത്രികാസമർപ്പണത്തിന് സോണിയ എത്തിയത്. മക്കളായ രാഹുൽ, പ്രിയങ്ക, മരുമകൻ റോബർട്ട് വാദ്ര, ചെറുമക്കളായ റെയ്‌ഹാൻ, മിറായ എന്നിവർക്കൊപ്പം കോൺഗ്രസിന്റെ സെൻട്രൽ ഓഫീസിൽ പൂജകൾക്കുശേഷമാണ് സോണിയ കളക്‌ട്രേറ്റ് ഓഫീസിലെത്തിയത്. ''ഇവിടത്തെ ജനങ്ങൾ എന്നും എന്നെ സ്‌നേഹപൂർവം സ്വീകരിച്ചിട്ടുണ്ട്. ഇത്തവണയും അവർ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2004 ലെ കാര്യങ്ങൾ ബി.ജെ.പി മറക്കരുത്. മോദിക്കുള്ള മറുപടി വോട്ടർമാർ നൽകും"- പത്രികാസമർപ്പണത്തിനുശേഷം സോണിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. റായ്ബറേലിയിൽ ഇത് അ‌ഞ്ചാംതവണയാണ് സോണിയഗാന്ധി ജനവിധി തേടുന്നത്. മുൻ കോൺഗ്രസ് നേതാവ് ദിനേഷ് പ്രതാപാണ് മണ്ഡലത്തിൽ സോണിയയുടെ ബി.ജെ.പി എതിരാളി. തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിൽ മേയ് ആറിനാണ് റായ്ബറേലിയിൽ തിരഞ്ഞെടുപ്പ്.