kati

ന്യൂഡൽഹി: ആ തമോഗർത്തത്തിന് (ബ്ലാക്ക് ഹോൾ) പിന്നിലും ഒരു സ്ത്രീയുണ്ട്! കഴിഞ്ഞ ദിവസം പുറത്തുവന്ന തമോർഗത്തത്തിന്റെ ആദ്യചിത്രം പകർത്തിയ ശാസ്ത്രസംഘത്തെ നയിച്ചത് ഒരു സ്ത്രീയാണ്. പേര്, കാത്തി ബോമാൻ. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി(എംഐടി)യിൽ നിന്നുള്ള ബിരുദധാരിയാണ് കാത്തി. ആദ്യമായി ഒരു ബ്ലാക്ക് ഹോൾ കണ്ടതിന്റെ ആഹ്ലാദം ലോകത്തിലെ ശാസ്ത്രകുതുകികൾ എല്ലാംതന്നെ ആഘോഷമാക്കുമ്പോൾ, സോഷ്യൽമീഡിയയിലടക്കം കൈയടി നേടുകയാണ് കാത്തിയുടെ ടീം. മണിക്കൂറുകൾക്കുള്ളിൽത്തന്നെ പതിനായിരക്കണക്കിന് തവണയാണ് ചിത്രം ഷെയർ ചെയ്യപ്പെട്ടത്.

''മൂന്നുവർഷംമുമ്പാണ് കാത്തിയുടെ ടീം ബ്ലാക്ക് ഹോളിന്റെ ചിത്രം പകർത്തുന്നത്. ഇപ്പോഴാണ് അത് പുറത്തുവിടുന്നത്. " - എം.ഐ.ടി അധികൃതർ ട്വിറ്ററിൽ കുറിച്ചു. ഭൂമിയിൽനിന്ന് 50 ലക്ഷം കോടി കിലോമീറ്റർ അകലെയുള്ള എം-87 എന്ന താരാപഥത്തിലുള്ള ഭീമൻ തമോഗർത്തത്തിന്റെ ചിത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് ടെലസ്കോപ്പ് കാമറകളുടെ ശൃംഖലകളാണ് പകർത്തിയത്.