news

1. കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ.എം മാണിക്ക് വിട നല്‍കി രാഷ്ട്രീയ കേരളം. 21 മണിക്കൂര്‍ നീണ്ട വിലാപയാത്ര. എട്ട് മണിക്കൂര്‍ നീണ്ട പൊതു ദര്‍ശനം, കെ.എം.മാണി മരിക്കില്ല എന്ന മുദ്രാവാക്യങ്ങള്‍. അങ്ങനെ കേരള രാഷ്ട്രീയത്തിലെ അതികായന്‍ മടങ്ങുക ആണ്. സംസ്‌കാര ചടങ്ങുകള്‍ നടന്ന പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലും പ്രിയ നേതാവിനെ അവസാനമായി കാണാന്‍ എത്തിയത് പതിനായിരങ്ങള്‍

2. ഭൗതികശരീരം വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വിലാപയാത്ര ആയിട്ടാണ് പള്ളിയില്‍ എത്തിച്ചത്. പള്ളിയില്‍ നടക്കുന്ന അന്ത്യ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ എത്തിയിരുന്നു. സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഇതിന് ശേഷം പള്ളി സെമിത്തേരിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കരിക്കും. വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം 3 മണിയോടെ പാലാ കത്തീഡ്രലില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രിയ നേതാവിനെ കാണാന്‍ ജനങ്ങള്‍ ഒഴുകി എത്തിയതോടെ പൊതു ദര്‍ശനം അവസാനിക്കാന്‍ വൈകുക ആയിരുന്നു.

3. രാഷ്ട്രീയ സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വീട്ടില്‍ എത്തി മാണി സാറിന് അന്തിമോപചാരം അര്‍പ്പിച്ചു. സംസ്‌കാര ചടങ്ങിന് ശേഷം പാലാ കത്തീഡ്രലില്‍ അനുശോചന സമ്മേളനവും നടക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കെ.എം മാണി അന്തരിച്ചത്

4. പടിഞ്ഞാറന്‍ യു.പിയിലേത് ഉള്‍പ്പെടെ 91 മണ്ഡലങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 1,70,664 പോളിംഗ് സ്റ്റേഷനുകളില്‍ ആയി 1279 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വി.കെ.സിംഗ്, മഹേഷ് ശര്‍മ്മ, കിരണ്‍ റിജ്ജു, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ജാട്ട് നേതാവും ആര്‍.എല്‍.ഡി അധ്യക്ഷനുമായ അജിത് സിംഗ്, മകന്‍ ജയന്ത് ചൗധരി എന്നിവര്‍ ജനവിധി തേടിയവരില്‍ പ്രമുഖര്‍

5. പോളിംഗിനിടെ അക്രമ സംഭവങ്ങളും അരങ്ങേറി. യു.പിയിലെ കൈരാനയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് വെടിവച്ചു. ഛത്തീസ്ഗഡില്‍ പോളിംഗ് സ്റ്റേഷനു സമീപം സ്‌ഫോടനം ഉണ്ടായി. ബംഗാളില്‍ വോട്ടിംഗ് യന്ത്രം അജ്ഞാതന്‍ തട്ടിയെടുത്ത് തകര്‍ത്തു. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് ബി.ജെ.പി

6. ഛത്തീസ്ഗഡില്‍ 4 മാവോയിസ്റ്റുകളെ വന്‍ ആയുധ ശേഖരവുമായി പിടികൂടി. യു.പിയിലെ ചില മണ്ഡലങ്ങളില്‍ പട്ടിക വിഭാഗക്കാരെ വോട്ടു ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ബി.എസ്.പിയും മുസ്ലീങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ചതായി കോണ്‍ഗ്രസും പരാതി നല്‍കി. യു.പിയിലെ നോയ്ഡയില്‍ നമോ എന്ന് അച്ചടിച്ച ഭക്ഷണപൊതികള്‍ വിതരണം ചെയ്തതും വിവാദമായി. ബംഗാളിലെ കൂച്ച് ബെഹാറില്‍ ടി.എം.സിയും ബി.ജെ.പിയും തമ്മില്‍ ഏറ്റുമുട്ടി

7. സംസ്ഥാനത്ത് വരും ദിവസങ്ങളിലും സൂര്യാഘാത സാധ്യത കൂടുതല്‍ എന്ന് ദുരന്ത നിവാരണ അതോരിറ്റി. ഞായറാഴ്ച വരെ സംസ്ഥാന വ്യാപകമായി ചൂട് വര്‍ധിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യത. വയനാട് ഒഴികെയുള്ള ജില്ലകളില്‍ എല്ലാം ജാഗ്രാതാ നിര്‍ദ്ദേശമുണ്ട്.

8. വയനാട്ടില്‍ ആവേശമായി എല്‍.ഡി.എഫിന്റെ റോഡ് ഷോ. വന്‍ ജനപങ്കാളിത്തത്തില്‍ റോഡ് ഷോ നടക്കുന്നത്, വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന് എതിരെ ഇടതു പക്ഷ ജനാധിപത്യ മുന്നണി നല്‍കുന്ന മറുപടിയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തോടെ ആണ് റോഡ് ഷോ ആരംഭിച്ചത്.

9. മണ്ഡലത്തിലെ മൂന്നിടങ്ങളില്‍ ആയി നടക്കുന്ന റോഡ് ഷോയില്‍ മന്ത്രിമാരായ എം.എം മണി, കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗമായി തീരുമാനിച്ച യോഗം റോഡ് ഷോ ആക്കി മാറ്റിയത്, രാഹുലിന്റെ വരവോടെ. വയനാട്ടില്‍ നടക്കാന്‍ ഇരിക്കുന്നത്, മണ്ഡലം രൂപീകരിച്ചതിന് ശേഷം ഉള്ള മൂന്നാം തിരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധിയോട് ഒരു വീട്ടു വീഴ്ചയും വേണ്ടെന്ന് ആണ് പാര്‍ട്ടി തീരുമാനം.

10. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ജാമ്യം. കേസില്‍ റിമാന്‍ഡിലായിരുന്ന പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്‌പോര്‍ട്ടും ഹാജരാക്കണം, വോട്ടെടുപ്പിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നിവയാണ് ഉപാധികള്‍.

11. പൊതു പ്രവര്‍ത്തകര്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കോടതി. കേസില്‍ നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് മാര്‍ച്ച് 28ന് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.