ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെ വിമർശിക്കുന്ന ബംഗാളി ആക്ഷേപ ഹാസ്യ സിനിമ 'ബോബിഷയോതർ ഭൂതി'ന് പരോക്ഷ വിലക്കേർപ്പെടുത്തിയതിന് പശ്ചിമബംഗാൾ സർക്കാർ 20 ലക്ഷം രൂപ നിർമ്മാതാക്കൾക്ക് നൽകണമെന്ന് സുപ്രീംകോടതി വിധിച്ചു. ഒരുമാസത്തിനുള്ളിൽ തുക കൈമാറണം. ഇതിന് പുറമെ നിയമനടപടികളുടെ ചെലവിനത്തിൽ ഒരു ലക്ഷം രൂപ പിഴയും മമത സർക്കാരിന് ജസ്റ്റിസ്മാരായ ഡി.വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ച് വിധിച്ചു. ആൾക്കൂട്ടത്തെ ഭയന്ന് അഭിപ്രായ സ്വാതന്ത്ര്യം തടയാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിച്ചതിനുള്ള നഷ്ടപരിഹാരമാണ് 20ലക്ഷം രൂപ. അനൗദ്യോഗിക വിലക്ക് ബംഗാളിൽ വ്യപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.