ന്യൂഡൽഹി: കടക്കെണിയിൽപ്പെട്ട് നട്ടംതിരിയുന്ന സ്വകാര്യ വിമാനക്കമ്പനിയായ ജെറ്ര് എയർവേസിന്റെ ഓഹരി വില്‌ക്കാനുള്ള ബാങ്കുകളുടെ നീക്കം ഫലം കാണുന്നുവെന്ന് സൂചന. എസ്.ബി.ഐയുടെ നേതൃത്വത്തിൽ ബാങ്കുകൾ നടത്തിയ ഓഹരി വില്‌പന നീക്കം, ഏറ്റെടുക്കാൻ ആ
രുമെത്താത്തിനാൽ ആദ്യം പാളിയിരുന്നു. എന്നാൽ, താത്പര്യപത്രം സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 12വരെ നീട്ടിയതോടെ ഇന്നലെ പ്രമുഖ കമ്പനികൾ അനുകൂല നിലപാടുമായി മുന്നോട്ടെത്തി.
ബുധനാഴ്‌ചവരെ അഞ്ച് കമ്പനികൾ താത്പര്യം അറിയിച്ചുവെന്ന് ബാങ്കുകൾ വ്യക്തമാക്കി. വെള്ളിയാഴ്‌ചയ്ക്കകം കുറഞ്ഞത് പത്ത് താത്പര്യപത്രങ്ങളെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻവെസ്‌റ്ര്‌മെന്റ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ ഫണ്ട് ലിമിറ്റിഡ് (എൻ.ഐ.ഐ.എഫ്.എൽ), യു.എ.ഇ ആസ്ഥാനമായുള്ള വിമാനക്കമ്പനിയും ജെറ്ര് എയർവേസിൽ 24 ശതമാനം ഓഹരി പങ്കാളിത്തവുമുള്ള ഇത്തിഹാദ് എയർവേസ്, ജെറ്ര് എയർവേസിന്റെ മുൻ ചെയർമാൻ നരേഷ് ഗോയൽ എന്നിവരും ഓഹരി വാങ്ങാൻ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
എസ്.ബി.ഐ നയിക്കുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകാനുള്ള 8,000 കോടിയോളം രൂപയുടെ വായ്‌പ കിട്ടാക്കടം ആയതോടെയാണ് ജെറ്ര് എയർവേസിന്റെ നിയന്ത്രണം, ബാങ്കുകൾ ഏറ്റെടുത്തത്. ഇതോടെ, കഴിഞ്ഞമാസം 25ന് കമ്പനിയുടെ ചെയർമാൻ സ്ഥാനം നരേഷ് ഗോയൽ രാജിവയ്‌ക്കുകയും ചെയ്‌തു. ഇതുസംബന്ധിച്ച കേസ് നടപടികൾ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻ.സി.എൽ.ടി) മുമ്പിലുള്ളതിനാൽ ഗോയലിന്റെ ഓഹരി വാങ്ങൽ താത്പര്യപത്രം തള്ളപ്പെടാൻ സാദ്ധ്യതയുണ്ട്.
അതേസമയം, നിക്ഷേപ കമ്പനിയായതിനാൽ എൻ.ഐ.ഐ.എഫ്.എല്ലിന് താത്പര്യപത്രം സമർപ്പിക്കാതെ തന്നെ ഓഹരി വാങ്ങൽ നടപടികളിൽ പങ്കെടുക്കാമെന്ന് നിമയം അനുശാസിക്കുന്നുണ്ട്.
ജെറ്ര് എയർവേസിന്റെ 75 ശതമാനം ഓഹരികളാണ് ബാങ്കുകൾ വില്‌പനയ്ക്ക് വച്ചിരിക്കുന്നത്. നേരത്തേ, 119 വിമാനങ്ങളുടെ സർവീസ് ജെറ്ര് എയർവേസ് നടത്തിയിരുന്നത് ഇപ്പോൾ 26 ആയി കുറഞ്ഞിട്ടുണ്ട്. വാടക മുടങ്ങിയതോടെ പല വിമാനങ്ങളും പാട്ടക്കമ്പനികൾ തിരിച്ചെടുക്കുകയായിരുന്നു.