കുണ്ടറ: വ്യാജ സ്വർണവിഗ്രഹം നൽകി പലതവണകളായി രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിരുതൻ രണ്ടു വർഷത്തിനുശേഷം പിടിയിലായി. തമിഴ്നാട്ടിലെ നാഗൂരിൽ വാടകയ്ക്ക് താമസിച്ചു വരുന്ന തിരുവനന്തപുരം നേമം സ്വദേശി ബഷീറിനെയാണ് (64) ഇന്നലെ കേരളപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളപുരം കരിമ്പിൻകാല പള്ളിയിലെ ഉസ്താദ് സദഖത്തുള്ള തങ്ങളുടെ പരാതിയിന്മേലാണ് അറസ്റ്റ്. സ്വർണത്തിൽ തീർത്ത അദ്ഭുത സിദ്ധിയുള്ള വിഗ്രഹങ്ങൾ സ്ഥാപിച്ചാൽ പതിന്മടങ്ങ് ഐശ്വര്യം ഉണ്ടാകുമെന്നും കോടികൾ വിലപിടിപ്പുള്ള നിധികൾ ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് രണ്ടു ലക്ഷത്തി മുപ്പത്തിയൊൻപതിനായിരം രൂപയാണ് തവണകളായി തട്ടിയെടുത്തത്. സമാനരീതിയിൽ തട്ടിപ്പ് നടത്തുന്നതിനായി കേരളപുരം കേന്ദ്രീകരിച്ച് ചിലരെ കാണുന്നതിന് ബഷീർ വന്നുപോകുന്ന വിവരമറിഞ്ഞ് തങ്ങളാണ് വിവരം പൊലീസിനെ അറിയിച്ചത്. മലപ്പുറം ജില്ലയിൽ സമാന സ്വഭാവത്തിലുള്ള എട്ടു കേസുകൾ ബഷീറിന്റെ പേരിൽ നിലവിലുണ്ട്. സി. ഐ. സുരേഷ് വി. നായർ, എസ്. ഐ. മൃദുൽ കുമാർ, ബിനു. എ. എസ്. ഐ. ജി. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.