rafale

ന്യൂഡൽഹി: ഇന്ത്യ വാങ്ങുന്ന റാഫേൽ പോർ വിമാനങ്ങളിൽ പാക് പൈലറ്റുമാർ പരിശീലനം നേടിയതായി റിപ്പോർട്ട്. ഖത്തർ വ്യോമസേന വാങ്ങിയ റാഫേൽ വിമാനങ്ങളുടെ പരിശീലന പറക്കലിൽ സൗഹൃദ രാഷ്ട്രങ്ങളുമായുള്ള പൈലറ്റുകളുടെ കൈമാറ്റത്തിന്റെ ഭാഗമായാണ് പാക്ക് പൈലറ്റുമാർ പരിശീലനം നേടിയെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. വ്യോമയാനരംഗത്തെ നീക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്ന www.ainonline.com നെ ഉദ്ധരിച്ചാണ് ഒരു ദേശീയ മാദ്ധ്യമം ഇക്കാര്യം വെളിപ്പെടുത്തിയത്. 2017 നവംബറിൽ റാഫേൽ പോർവിമാനങ്ങളിൽ പരിശീലനത്തിനയച്ച ആദ്യ സംഘത്തിലെ പൈലറ്റുമാർ പാകിസ്ഥാനിൽനിന്ന് കൈമാറ്റം ചെയ്യപ്പെട്ട ഓഫിസർമാരായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, റാഫേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർ പരിശീലനം നേടിയെന്ന കാര്യം അറിയില്ലെന്ന് റാഫേൽ വിമാനങ്ങൾ നിർമിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷന്റെ ഇന്ത്യയിലെ പ്രതിനിധികൾ അറിയിച്ചു.