മൂവാറ്റുപുഴ: കേരള വഖഫ് ബോർഡിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവായി. വഖഫ് ബോർഡിന്റെ പേരിലുള്ള വസ്തുക്കൾ വില്പന നടത്തിയതും, വക്കഫ് വസ്തുക്കളുടെ രജിസ്റ്റർ സൂക്ഷിക്കാത്തതും, കൂടുതൽ പലിശ ലഭിക്കാൻ എസ്.ബി.ഐ യിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കോട്ടക്ക് മഹീന്ദ്രയെന്ന ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റിയതും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണവിധേയമാക്കാനാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ബി.കലാംപാഷ ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവ് മറികടന്ന് ബോർഡിൽ സ്ഥിര നിയമനം നടത്തിയതും അന്വേഷിക്കും. ഞെട്ടലുണ്ടാക്കുന്ന സംഭവങ്ങളാണ് വഖഫ് ബോർഡിൽ നടന്നിട്ടുള്ളതെന്ന് കോടതി വാക്കാൽ പരാമർശിച്ചു. രണ്ട് ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി കൊച്ചി തൃക്കാക്കര സ്വദേശി തൈക്കൂട്ടത്തിൽ അബ്ദുൾ സലാമാണ് 2016ൽ വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി.എം. ജമാൽ, മുൻ വഖഫ് ബോർഡ് ചെയർമാൻ സെയ്താലിക്കുട്ടി, വഖഫ് ബോർഡ് മെമ്പർമാരായ സൈനുദ്ദീൻ, മായിൻ ഹാജി എന്നിവരാണ് എതിർ കക്ഷികൾ.
നേരത്തെ വിജിലൻസ് ത്വരിതാന്വേഷണം നടത്തി ഒന്നാം പ്രതിയായ ജമാലിനെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്തിരുന്നു. എന്നാൽ അഴിമതി നിരോധനവകുപ്പു പ്രകാരം കേസിന് സാഹചര്യമില്ലെന്നായിരുന്നു നിലപാട്. വിജിലൻസിന്റെ റിപ്പോർട്ട് സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ വിശദമായ ഹർജി ഫയൽ ചെയതു. ഇതിനിടയിൽ പ്രതികൾ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരായി തങ്ങൾക്ക് പറയാനുള്ളത് കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും അനുവദിച്ചില്ല. തുടർന്ന് ഹൈക്കോടതിയും പ്രതികളുടെ ആവശ്യം തള്ളി.