ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ 55 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തി. 2014നെ അപേക്ഷിച്ച് പലയിടങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞതായാണ് ആദ്യകണക്കുകൾ സൂചിപ്പിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഉത്തർപ്രദേശിലെ കൈരാനയിൽ സംഘർഷം തടയാൻ ബി.എസ്.എഫ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളിലും അരുണാചലിലും അക്രമങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റു.
18 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് പൂർത്തിയായത്. ഹിന്ദി മേഖലയിലെ യു.പി, ബീഹാർ, ഒഡീഷ സംസ്ഥാനങ്ങളായി 17 സീറ്റിലും മഹാരാഷ്ട്രയിലെ 7, പശ്ചിമബംഗാളിലെ 2, ഒഡീഷയിലെ 4, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 25ൽ 14 മണ്ഡലങ്ങളിലും ജനങ്ങൾ വിധിയെഴുതി. ഉത്തർപ്രദേശിലും ബീഹാറിലും 50 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും 55 നും 60നും ഇടയിലാണ് പോളിംഗ് ശതമാനം.
ഇനി ഏപ്രിൽ 18ന് 97 മണ്ഡലങ്ങളിലേക്കായി രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. വിവിധ സംസ്ഥാനങ്ങളിലെ പോളിംഗ് ശതമാനം ഇപ്രകാരമാണ്.
ഛത്തിസ്ഗഢ്- 56%, ആൻഡമാൻ നിക്കോബാർ- 70.67, തെലുങ്കാന - 60%,ജമ്മു ആൻഡ് കാശ്മീർ - 54.49%, ഉത്തരഖണ്ഡ്- 57.85%, ആന്ധ്ര - 66%, സിക്കിം- 69%, മിസോറാം - 66%, നാഗാലാൻഡ് -78%, മണിപ്പൂർ -78.2%, ത്രിപുര- 81.8%, അസം - 68%,പശ്ചിമബംഗാൾ -81%.