soniya-gandhi

റായ്ബ‌റേലി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രിയങ്കയ്ക്കും രാഹുലിനും ഒപ്പം കോൺഗ്രസ് ഓഫിസിൽ പൂജ നടത്തിയ ശേഷം വൻ ജനപങ്കാളിത്തത്തോടെ റോഡ്ഷോ നടത്തിയാണു പത്രിക സമർപ്പിക്കാനായി സോണിയ ഗാന്ധി റായ്‌ബറേലിയിൽ എത്തിയത്.

'റായ്ബറേലിയിലെ ജനങ്ങൾ ഇതുവരെ എന്നെ സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കും’ ആത്മവിശ്വാസത്തോടെ സോണിയ ഗാന്ധി പറഞ്ഞു. മോദി അജയ്യനാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഒരിക്കലും അല്ല, ബി.ജെ.പി 2004 ഒരിക്കലും മറക്കരുത്. മോദിക്കുളള ഉത്തരം വോട്ടർമാർ നൽകും. 2004 ൽ വാജ്പേയി കരുത്തനും അജയ്യനുമായിരുന്നു. പക്ഷേ ഞങ്ങളാണ് ജയിച്ചതെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

'തങ്ങളുടെ അഹന്ത കൊണ്ട് അജയ്യരാണെന്നു കരുതിയ നിരവധിയാളുകൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളെക്കാൾ വലിയവരാണു തങ്ങളെന്ന് അവർ സ്വയം നടിച്ചു. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ എന്ന് അവർ തിരിച്ചറിയുന്നില്ല. മോദിയുടെ അജയ്യത്വം ഈ തിരഞ്ഞെടുപ്പിൽ കാണാമെന്ന്' രാഹുൽ ഗാന്ധി പറഞ്ഞു.

അടുത്തിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ദിനേശ് പ്രതാപ് സിംഗാണ് റായ്ബറേലിയിൽ സോണിയയുടെ എതിരാളി. 2004, 2006ൽ നടന്ന ഉപതിരഞ്ഞെടുപ്പുലും 2009, 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിലാണ് സോണിയ ഗാന്ധി വിജയിച്ചത്.