jacob

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അഴിമതിക്കേസ്. തുറമുഖ ഡയറക്‌ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ ജേക്കബ് തോമസ് അഴിമതി നടത്തിയെന്നാണ് കേസ്. ഇതുസംബന്ധിച്ച് വിജിലൻസ് കമ്മീഷൻ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.

ഡ്രെഡ്‌ജർ വാങ്ങാൻ എട്ട്‌ കോടിയാണ് അനുവദിച്ചതെങ്കിലും 19കോടിക്കാണ് ഡ്രെഡ്‌ജർ വാങ്ങിയത് എന്ന് എഫ്.ഐ.ആർ പറയുന്നു. വിജിലൻസും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് പുതിയ കേസ്.

പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് വിജിലൻസ് പ്രത്യേക യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്‌ത് എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ജേക്കബ് തോമസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നുമാണ് പ്രധാന ആരോപണങ്ങൾ.

ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ ധനകാര്യ പരിശോധനാ വിഭാഗം ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. 14.96 കോടിരൂപയുടെ നഷ്‌ടമുണ്ടാക്കിയെന്നാണ് ധനകാര്യ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്നാണ് കേസെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കപ്പെടുന്നതും വിജിലൻസ് അന്വേഷണത്തിന് നിർദേശം ലഭിക്കുന്നതും. ഹോളണ്ടിൽ നിന്നുള്ള ഒരു കമ്പനിയിൽ നിന്നാണ് ഡ്രഡ്‌ജിംഗ് ഉപകരണങ്ങൾ വാങ്ങിയത്. ഈ കമ്പനിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.