ന്യൂഡൽഹി: സെെന്യത്തെ രാഷ്ട്രീയ വത്കരിക്കുന്നതിനെതിരെ രാഷ്ട്രപതിക്ക് മുൻ സെെനികർ കത്ത് നൽകി. കരനാവിക വ്യോമസേനയിലെ എട്ട് മേധാവികളടക്കം നൂറിലധികം മുൻ ഉദ്യോഗസ്ഥരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. സെെനിക നടപടികൾ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേനയെന്നാണ് പല രാഷ്ട്രീയ പ്രവർത്തകരും സെെന്യത്തെ വിശേഷിപ്പിക്കുന്നത്. ഇത് ശരിയല്ലെന്നും യൂണിഫോം, മറ്റ് അടയാളങ്ങൾ തുടങ്ങി സെെനിക നടപടികൾ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നത് തടയണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
"സൈന്യത്തിന്റെ അതിർത്തിയിലെ നടപടികളും, മോദിജി കി സേന എന്ന് വിശേഷിപ്പിക്കുന്നതും അസ്വാഭാവികവും അംഗീകരിക്കാൻ പറ്റാത്തതുമാണ്. ഇത് നിലവിൽ സേവിക്കുന്ന പട്ടാളക്കാരെയും, വിരമിച്ച പട്ടാളക്കാരെയും ഒരു പോലെ ആശങ്കാകുലരാക്കിയിട്ടുണ്ട്’-കത്തിൽ പറയുന്നു. മുൻ കാലങ്ങളിലും അതിർത്തിയിൽ സെെനിക നടപടകൾ ഉണ്ടായിട്ടുണ്ട്. അന്ന് രാഷ്ട്രീയവത്കരിക്കുന്ന നിലപാടല്ല പാർട്ടികൾ സ്വീകരിച്ചിരുന്നത്. നിലവിൽ ഇതിന് വിഭിന്നമായ കാര്യങ്ങളാണ് സംഭവിക്കുന്നെന്നും സെെനികർ വ്യക്തമാക്കി.