ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും അനുകൂലമായ പരിപാടികൾ സംപ്രേഷണം ചെയ്യുന്ന നമോ ടി.വിക്ക് വീണ്ടും വിലക്ക്. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സർട്ടിഫിക്കറ്റില്ലാതെ ഒരു രാഷ്ട്രീയ പരിപാടികളും സംപ്രേഷണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വഴി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികൾ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിൽ അത് ഉടൻ നീക്കം ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഡൽഹിയിലെ ചീഫ് ഇലക്ടറൽ ഓഫീസർക്ക് അയച്ച കത്തിലാണ് നിർദ്ദേശം.
ചില ഉള്ളടക്കങ്ങളുടെ അംഗീകാരത്തിനായി ബി.ജെ.പി. സമീപിച്ചിരുന്നെന്നും എന്നാൽ, തങ്ങളുടെ അംഗീകാരം ലഭിക്കാത്ത ഉള്ളടക്കങ്ങളും നമോ ടി.വി.യിൽ സംപ്രേഷണം ചെയ്യുന്നുണ്ടെന്നും ഡൽഹി സി.ഇ.ഒ. കമ്മിഷനെ അറിയിച്ചു. ഇലക്ട്രോണിക് മീഡിയയിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ രാഷ്ട്രീയപരസ്യങ്ങൾക്കും എം.സി.എം.സി.യുടെ അംഗീകാരം നിർബന്ധമാണ്. പ്രധാനമന്ത്രിയുടെ ജീവിതം ആസ്‌പദമാക്കിയുള്ള പി.എം.മോദി എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു.
അതേസമയം, നമോ ടി.വി ഡി.ടി.എച്ച് പ്ളാറ്റ്ഫോമിൽ പരസ്യ സംപ്രേക്ഷണത്തിനു വേണ്ടി തുടങ്ങിയതാണെന്നും അത്തരം ചാനലുകൾക്ക് അനുമതി ആവശ്യമില്ലെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. നമോ ടി.വിക്ക് ബ്രോഡ്‌കാസ്‌റ്റ് ലൈസൻസും പ്രക്ഷേപണത്തിന് മുൻപു ലഭിക്കേണ്ട സുരക്ഷാ അനുമതിയും ഇല്ലെന്ന പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു.