വിശുദ്ധവാരത്തിനു തൊട്ടുമുമ്പ് ബാബുപോൾ സാർ കണ്ണടച്ചു..'സ്വർഗാരോഹണത്തിന് ' ഓശാന ഞായർ തിരഞ്ഞെടുത്തു. ഭാര്യയോടും നേരത്തെ കടന്നുപോയ സുഹൃത്തുക്കളോടും ഒരുപക്ഷേ സ്വർഗത്തിൽ വച്ച് കുശലം പറഞ്ഞ് ,ബൈബിൾവാക്യങ്ങൾ ഉദ്ധരിച്ച് ഇനി സാർ ഈ വാരം അവിടെ ആചരിച്ചേക്കാം.
സാറിന്റെ പാണ്ഡിത്യം , പ്രഭാഷണ ചാരുത, ഭരണകൗശലങ്ങൾ -ഇവയെല്ലാം അന്തരീക്ഷത്തിൽ അനുശോചനങ്ങളായി മുഴങ്ങുമ്പോൾ തിരുവനന്തപുരത്തെ വസതിയായ ചീരോത്തോട്ടത്തിൽ ഇന്നലെ പതിവ് ഉച്ചയുറക്കത്തിലെന്നപോലെ സാർ പുഷ്പാലംകൃത ശയ്യയിലായിരുന്നു. എപ്പോഴും എത്തുമ്പോൾ ഹൃദ്യമായ ചിരിയോടെ വരവേൽക്കുന്ന മുറിയ്ക്കപ്പുറം, ഇനി ഉണരില്ലെന്ന് വിശ്വസിക്കാനാകാത്തവിധം തലസ്ഥാനത്തെ അവസാനദിനം. സാർ ആറുപതിറ്റാണ്ട് സ്നേഹത്തോടെ ജീവിച്ച നഗരിയോട് ഇന്നു രാവിലെ യാത്ര പറയും.
സാറിനോട് ഒടുവിൽ ആവശ്യപ്പെട്ട ലേഖനം കെ.എം.മാണിയെക്കുറിച്ചായിരുന്നു. അത് സാർ എഴുതിയ അവസാന ലേഖനമായി മാറുകയായിരുന്നു.മാണി ഗുരുതരാവസ്ഥയിലായപ്പോൾ ഏറവും അടുത്തിടപഴകിയയാൾ എന്ന നിലയിലാണ് ബാബുപോൾസാറിനോട് പറഞ്ഞത്.(പ്രമുഖ വ്യക്തികൾ അത്യാസന്ന നിലയിലാകുമ്പോൾ പത്രങ്ങൾ അവരെക്കുറിച്ച് പ്രത്യേക പേജ് മുൻകൂട്ടി തയ്യാറാക്കി വയ്ക്കാറുണ്ട്) മാർച്ചിലെ അവസാനദിനങ്ങളിലൊന്നിലായിരുന്നു ഇത്. അടുത്ത ദിവസം (മാർച്ച് 29) ലേഖനം തയ്യാറായിട്ടുണ്ട് ആളിനെ വിട്ടോളൂ എന്ന് സാർ ഫോണിൽ വിളിച്ചു പറഞ്ഞു. അന്ന് പക്ഷേ ആളിനെ അയയ്ക്കാൻ വിട്ടുപോയി. അടുത്തദിവസം മാണിയുടെ ആരോഗ്യനിലയിൽ അൽപ്പം പുരോഗതിയുണ്ടെന്ന വാർത്തവന്നു. അപ്പോൾ ഒന്നുരണ്ടു ദിവസം കൂടി തന്റെ കൈയ്യിലിരിക്കട്ടെയെന്ന് സാർ പറഞ്ഞു. പക്ഷേ ഏപ്രിൽ രണ്ടാംതീയതിയോടെ ബാബുപോൾ സാർ ആശുപത്രിയിലായി. കേരളകൗമുദിക്കായി തയ്യാറാക്കിയ ആ അവസാന ലേഖനം സാറിന്റെ സഹായിയായ അജിത് വെള്ളിയാഴ്ച കൈമാറി." ഗ്രൂപ്പിനെ പാർട്ടിയാക്കിയ പ്രതിഭ" എന്ന തലക്കെട്ടിൽ ആറുപേജുകൾ. ഇടയ്ക്ക് സർവീസ് സ്റ്റോറിയിലെ രണ്ടര പേജുകൾ വെട്ടിക്കേറ്റിയിട്ടുമുണ്ട്. നർമ്മം തുളുമ്പുന്ന പതിവ് ശൈലിയിൽത്തന്നെയാണ് എഴുത്ത്..
ഏപ്രിൽ മൂന്നിനാണ് ഇതെഴുതുന്നയാൾ അവസാനമായി സാറുമായി ഫോണിൽ സംസാരിച്ചത്. ഛായാഗ്രാഹകനും സംവിധായകനുമായ ശിവനെക്കുറിച്ച് കേരള മീഡിയ അക്കാഡമി തയ്യാറാക്കുന്ന ഡോക്കുമെന്ററിയിലേക്ക് ഒരു പ്രതികരണം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അന്ന് ഉച്ചയ്ക്ക് വീട്ടിൽച്ചെല്ലാൻ പറഞ്ഞിരുന്നു. ഉച്ചയ്ക്ക് 12 ന് വിളിച്ചപ്പോൾ ഫോണെടുത്തില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തിരിച്ചു വിളിച്ചു. തീരെ വയ്യെന്നും മറ്റൊരു ദിവസമാകട്ടേയെന്നും ആശുപത്രിയിൽ നിൽക്കുകയാണെന്നും പറഞ്ഞു. സ്വരം ഇടറിയിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് കാണില്ലെന്ന ധാരണയിൽ വൈകിട്ട് 'ചീരോത്തോട്ട' ത്തിൽ അന്വേഷിച്ചു പോയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അടുത്തദിവസം രാവിലെ 6.29 ന് വാട്‌സ് ആപിൽ ആശുപത്രിയിൽ പരിശോധനകളിലാണെന്ന മെസേജ് ലഭിച്ചു. ആ ദിവസം എസ്.കെ ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ കിംസിലേക്ക് മാറ്റി. പിന്നീട് മുറിയിൽ നിന്ന് ഐ.സിയുവിലേക്കും.
ആറാം തീയതി രാത്രി 10.20 ന് ആത്മസുഹൃത്തായ ഒരു വ്യക്തിയെ ബാബുപോൾസാർ വിളിച്ചു. "ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ഡോ.വിജയരാഘവൻ വന്നുകണ്ടുവെന്നും തന്റെ എഴുത്തുപോലെ ഹൃദയം ഒരു കുഴപ്പവുമില്ലാതെ മനോഹരമായിരിക്കുന്നുവെന്ന് ഡോക്ടർ പറഞ്ഞുവെന്നും അറിയിച്ചു. ഹാർട്ടിന് ഒരു പ്രശ്നവുമില്ലല്ലോ ...സമാധാനമായിരിക്കൂ എന്നും സൂചിപ്പിച്ചു.." ഐ.സി.യുവിൽ നിന്ന് കൂടുതൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഫോൺവച്ചു. ബുധനാഴ്ച തിരികെ മുറിയിലേക്ക് കൊണ്ടുവന്നെങ്കിലും പുറംവേദനയും ബുദ്ധിമുട്ടും കാരണം അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ ഐ.സിയുവിലേക്ക് തിരികെക്കൊണ്ടുപോയി. വ്യാഴാഴ്ച വെന്റിലേറ്റർ സപ്പോർട്ട് നൽകിത്തുടങ്ങി. അന്ന് സാറിന്റെ പിറന്നാളായിരുന്നു. അന്ന് രാത്രി ആത്മമിത്രം കൂടിയായ ഐറേനിയോസ് തിരുമേനി അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ബോധം മാഞ്ഞുതുടങ്ങിയിരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവിതം നീട്ടിക്കൊണ്ടുപോകരുതെന്ന് സാർ എപ്പോഴും പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ചു. വെള്ളിയാഴ്ച രാത്രി കടുത്ത ഹൃദയാഘാതമുണ്ടായി .
കഴിഞ്ഞ ഒരുമാസമായി ഭയങ്കര ക്ഷീണവും ഉറക്കവുമാണെന്ന് സാർ പറഞ്ഞിരുന്നു. കാലിൽ നല്ല നീരുണ്ടായിരുന്നു. പ്രമേഹത്തിന്റെ പാർശ്വഫലമെന്നോണം കാലിൽ വ്രണമുണ്ടായി. ഈ കാലയളവിൽ ഏറ്റിരുന്ന പല പ്രസംഗപരിപാടികളും റദ്ദാക്കി. ഒരു മരുന്നു കഴിച്ചതിന്റെ റിയാക്ഷനാണെന്നായിരുന്നു ക്ഷീണത്തിനും മറ്റും സാർ സ്വയം കണ്ടെത്തിയ ന്യായീകരണം. അപ്പോഴേക്കും വൃക്കയുടേയും കരളിന്റെയും പ്രവർത്തനത്തെ രോഗം ഗുരുതരമായി ബാധിച്ചിരുന്നു .
വയ്യാതിരുന്നിട്ടും തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തു. പാറ്റൂർ പള്ളിയിലാണ് അവസാനമായി ഒരു ചടങ്ങിൽ പങ്കെടുത്തത്. അന്ന് ഇരുന്നാണ് സംസാരിച്ചത്.
പത്രാധിപരുടെ കാലം മുതൽ കേരളകൗമുദിയുമായി ഉറ്റബന്ധം പുലർത്തിയ ബാബുപോൾ കേരളകൗമുദിയിൽ എഴുതാൻ തുടങ്ങിയിട്ട് ആറു പതിറ്റാണ്ടുകളായി . എപ്പോൾ ലേഖനം ആവശ്യപ്പെട്ടാലും കൃത്യമായി എഴുതിത്തന്നിരുന്നു. എന്തെങ്കിലും അച്ചടിച്ച കടലാസുകളുടെ മറുപുറത്തായിരുന്നു എപ്പോഴും എഴുത്ത്. പേപ്പർ പാഴാക്കരുതെന്ന് പറയുമായിരുന്നു. പേരിനൊപ്പമുള്ള ഡോക്‌ടർ ലേഖനത്തിനൊപ്പം ചേർക്കേണ്ടെന്നും വളരെ നേരത്തെ തന്നെ നിർദേശിച്ചിരുന്നു. കേരളകൗമുദി കുടുംബവുമായും പത്രാധിപസമിതി അംഗങ്ങളുമായി എന്നും ഉറ്റബന്ധം പുലർത്തി. മാർച്ച് 24 ന് കേരളകൗമുദി ഒന്നാംപേജിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെക്കുറിച്ച് ചീഫ് എഡിറ്റർ ദീപുരവിക്ക് ബാബുപോൾ സാർ എഴുതിയ കത്ത് അദ്ദേഹത്തിന്റെ അനുമതിയോട ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയും വീക്ഷണവും കൂട്ടിക്കുഴയ്ക്കാത്ത പത്രമെന്ന് എന്നും കേരളകൗമുദിയെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
ഈസ്റ്ററിന് ഇനി പതിവ് ആശംസകൾ കേൾക്കാൻ സാറില്ല. സാറിനെക്കുറിച്ചുള്ള ഓർമ്മകൾ ഉയിർപ്പുതിരുന്നാൾ എന്നും ആഘോഷിക്കുമെന്നുറപ്പുണ്ട്.
കെ.എം.മാണിയെക്കുറിച്ചെഴുതിയ ലേഖനം ബാബുപോൾ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്...."ഒന്നുപറയാം. സോഫോക്ളീസ് പണ്ട് പറഞ്ഞതാണ്. പകൽ എത്ര സുന്ദരമായിരുന്നു എന്നറിയാൻ നേരം സന്ധ്യയാവണം. സെനറ്റർ ഡർക്സൺ അന്തരിച്ചപ്പോൾ പ്രസിഡന്റ് നിക്സൺ പറഞ്ഞത് ഉദ്ധരിച്ച് നിർത്തട്ടെ. ഇംഗ്ളീഷിലുള്ള ഉദ്ധരണിയാണ്.സാരാംശം- "അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരിക്കാൻ വിശേഷാവകാശമുള്ള നമ്മൾക്ക് ഒരുകാര്യത്തിൽ സമാശ്വസിക്കാം. ഡർക്സൺ അദ്ദേഹത്തിന്റെ സമ്പന്നമായ ജീവിത സായാഹ്നത്തിൽ, ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി നിലകൊണ്ടു. മനസ് സുവ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ മഹത്തായ ശബ്ദം നാട്ടിലുടനീളം ശക്തമായിത്തന്നെ മുഴങ്ങിയപോലെ, ആ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കിപ്പറഞ്ഞിരിക്കാം. പകൽ നിശ്ചയമായും മിന്നുന്നതായിരുന്നു. ഉജ്ജലമായിരുന്നു. "ബാബുപോൾ സാറിന്റെ ജീവിതത്തെക്കുറിച്ചും ഇതുതന്നെപറയാം - സുന്ദരമായിരുന്നു ആ ജീവിതം.
ദാവീദിൻ പുത്രന് ഓശാന....