rajmohan-unnithan

കാസർക്കോട്: കാസർക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെതിരെ എൽ.ഡി.എഫിന്റെ പരാതി. പയ്യന്നൂർ അരവഞ്ചാലിൽ ഏപ്രിൽ എട്ടിന് ഉണ്ണിത്താൻ നടത്തിയ പ്രസംഗം വർഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. എൽ.ഡി.എഫ് കാസർകോട് മണ്ഡലം സെക്രട്ടറി ടി.വി രാജേഷ് എം.എൽ.എയാണ് മുഖ്യ വരണാധികാരി കളക്ടർ ഡോ. ഡി സജിത്ത് ബാബുവിന് പരാതി നൽകിയത്.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ അവഹേളിക്കുകയും മതവികാരം ഇളക്കി വിടുകയും ചെയ്യുന്ന പ്രസംഗം നടത്തിയെന്നാണ് പരാതി. എൽ.ഡി.എഫ് സർക്കാർ വിശ്വാസികൾക്കെതിരാണെന്നും പ്രസംഗത്തിൽ പറയുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ്ങും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് ടി.വി രാജേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റിക്ക് കെെമാറി.